നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
പാലക്കാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള വിമന്‍സ് സമ്മിറ്റ് ഇസ്‌ലാഹീ നവോത്ഥാന വീഥിയില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ത്തു. അഷ്ടദിക്കുകളില്‍ നിന്നൊഴുകിയെത്തിയ വനിതകള്‍ പാലക്കാട് കോട്ടമൈതാനിയിലെ സമ്മേളന നഗരി ജനസാഗരമാക്കി. സമീപകാലത്ത് കേരളം കണ്ടതില്‍വെച്ചേറ്റവും വലിയ വനിതാ സമ്മേളനമായി മാറിയ എം ജി എം വിമന്‍സ് സമ്മിറ്റ് വനിതാ ശാക്തീകരണത്തിന്റെ പ്രകടനമായി മാറി. കാല്‍ ലക്ഷത്തിലധികം വനിതകളാണ് സമ്മേളനത്തില്‍ ഒരുമിച്ചുകൂടിയത്. മുസ്‌ലിം വനിതകളുടെ മഹാസാഗരമായി മാറിയ നമസ്‌കാരങ്ങള്‍ പാലക്കാടിന് ഒരു നവ്യാനുഭവം തന്നെയായി. പതിനായിരക്കണക്കായ വനിതകള്‍ നിരനിരയായി നിന്നുള്ള പ്രാര്‍ത്ഥനക്ക് ഒരു വനിത തന്നെ നേതൃത്വം നല്‍കിയത് പ്രത്യേകം ശ്രദ്ധേയമായി. വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം അനുഗമിച്ചെത്തിയ പുരുഷ പ്രതിനിധികള്‍ക്ക് കോട്ട മൈതാനിയില്‍ പ്രാര്‍ത്ഥനക്കിടം കിട്ടാതെ പുറത്തെ പള്ളികളെ ആശ്രയിക്കേണ്ടി വന്നു.
വനിതകള്‍ക്ക് വേണ്ടി വനിതകള്‍ തന്നെ സംഘടിപ്പിക്കുന്ന ഒരു മഹാസമ്മേളനം തന്നെയായി മാറിയ എം ജി എം സമ്മേളനം നിയന്ത്രിച്ചത് പൂര്‍ണ്ണമായും ആയിരത്തോളം വരുന്ന പ്രത്യേക പരിശീലനം നേടിയ എം ജി എം, ഐ ജി എം വളണ്ടിയര്‍മാരായിരുന്നു. സമ്മേളന സ്‌റ്റേജ് മുതല്‍ സമ്മേളന നഗരി വരെ വനിതാ വളണ്ടിയര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിലെ ഏക വനിതാ അംഗമായ ഡോ. അസ്മ സഹ്‌റ ത്വയ്യിബ (ഹൈദരാബാദ്) മഹാസമ്മളനം ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷയായിരുന്നു. രമ്യാ ഹരിദാസ് എം പി മുഖ്യാതിഥിയും അഡ്വ. കെ ശാന്തകുമാരി എം എല്‍ എ അതിഥിയുമായിരുന്നു. പൊതുരംഗത്ത് കഴിവ് തെളിയിച്ച എം ജി എം നേതാക്കള്‍ കൂടിയായ കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ശബീന ശക്കീര്‍, സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവ തീം സോംങ് രചയിതാവ് ഉമ്മുകുല്‍സൂം തിരുത്തിയാട് എന്നിവരെ ആദരിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി ടി ആയിശ, ഡോ. ഖമറുന്നീസാ അന്‍വര്‍, സൈനബ ശറഫിയ്യ, മുഹ്‌സിന പത്തനാപുരം, എം അഹ്മദ് കുട്ടി മദനി, ഡോ. അന്‍വര്‍ സാദത്ത്, എന്‍ എം അബ്ദുല്‍ ജലീല്‍, ആയിഷ ഹഫീസ്, ആദില്‍ നസീഫ് മങ്കട, സുഹാന ഉമര്‍, മറിയകുട്ടി സുല്ലമിയ, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
മുഹമ്മദ് ബാഗ് ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. എം ജി എം വൈസ് പ്രസിഡന്റ് ഡോ. ജുവൈരിയ്യ അധ്യക്ഷത വഹിച്ചു. പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പ്രിയ അജയന്‍, സലീമ ടീച്ചര്‍, ഷഹബാനത്ത്, എം ടി നജീബ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ അഡ്വ. ഫാത്വിമ തഹ്‌ലിയ, ഖദീജ കൊച്ചി, അഫീഫ പൂനൂര്‍, നെക്‌സി കോട്ടയം, സിഎം സനിയ്യ, ജുവൈരിയ്യ എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥിനി സമ്മേളനത്തില്‍ ഡോ. ആബിദ ഫാറൂഖി, ടി കെ തഹ്‌ലിയ, ആയിഷ ഹുദ, ദാനിയ പി, റാഹിദ പി ഐ, ശാദിയ സിപി, ഷാന തസ്‌നീം പ്രസംഗിച്ചു.