കോഴിക്കോട്: ആരോഗ്യ രംഗത്തെ കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തോടെ നഗര ഗ്രാമാന്തരങ്ങളിലെ ചെറുകിട, ഇടത്തരം ആശുപത്രികള്‍ ഇല്ലാതാവുകയാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (ക്യുപിഎംപിഎ) സുവര്‍ണ്ണ ജൂബിലി സമ്മേളനം ‘ക്യൂപികോണ്‍ 2024’ അഭിപ്രായപ്പെട്ടു.
ഇടത്തരക്കാരനും സാധാരണക്കാരനും ആശ്വാസമാകുന്ന ഇത്തരം ആശുപത്രികള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ വേണമെണം. എല്ലാ ആശുപത്രികളെയും ഒരേ തട്ടില്‍ കാണുന്ന രീതി സര്‍ക്കാര്‍ മാറ്റണം. ഇലക്ട്രിസിറ്റി താരിഫില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ചെറുകിടആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ‘കേരളത്തിലെ ഇടത്തരം ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുക’ എന്ന വിഷയത്തെ അധികരിച്ച് നടന്ന പാനല്‍ ചര്‍ച്ച ആവശ്യപ്പെട്ടു. ഡോ. ഹമീദ് ഫസല്‍, ഡോ. ചാര്‍ലി ചെയറിയാന്‍, ഡോ. ഷാനു.എം. ഡോ. അനീസ് അലി എന്നിവര്‍ പങ്കെടുത്തു. ഡോ. സാജന്‍ മോഡറേറ്ററായിരുന്നു.
രോഗികളും ഡോക്ടറും തമ്മിലുള്ള ഹൃദബന്ധം കെട്ടിപ്പടുക്കുന്ന ഇടങ്ങളാണ് ഡോക്ടര്‍മാര്‍ നടത്തിപ്പോരുന്ന ഇടത്തരം ആശുപത്രികളെന്ന് ഐഎംഎ ദേശീയ പ്രഡിസന്റ് ഡോ. ആര്‍.വി അശോകന്‍ പറഞ്ഞു.ക്യുപിഎംപിഎ സുവര്‍ണ്ണ ജൂബിലി ആഘോഷം ‘സുവര്‍ണ്ണ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളും രോഗികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്ന വര്‍ത്തമാന കാല ഘട്ടത്തില്‍ ചെറുകിട ആശുപത്രികളെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഡോ. അശോകന്‍ പറഞ്ഞു.
മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ.കെ. മൊയ്തു, ഡോ.സി.എം.അബൂബക്കര്‍, ഡോ. ടി.പി.വി. സുരേന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. അബ്ദുള്‍ വബാഹ് (ക്യുപിഎംപിഎ – കേരള പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഡോ. ഹംസ തയ്യില്‍ ( ഓര്‍ഗനൈസിഗ് കമ്മറ്റി ചെയര്‍മാന്‍), ഡോ. റോയ് വിജയന്‍(വൈസ് പ്രസിഡന്റ് ക്യുപിഎംപിഎ -കോഴിക്കോട്) ഡോ. സഗീര്‍( സെക്രട്ടറി ക്യുപിഎംപിഎ -കേരള), ഡോ. ഹാഷിം മാട്ടുമ്മല്‍, ഡോ. ചന്ദ്രകാന്ത് എന്നിവര്‍ സംസാരിച്ചു. ഡോ. അനീസ് അലി ( പ്രസിഡന്റ് ക്യുപിഎംപിഎ -കോഴിക്കോട്) സ്വാഗതവും ഡോ. എസ്. മോഹന്‍ സുന്ദരം ( ഓര്‍ഗനൈസിംഗ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ഡോ. റോയ് വിജയന്‍ ചീഫ് എഡിറ്ററായ സുവര്‍ണ്ണ ജൂബിലി സോവനീറിന്റെ പ്രകാശനം ഡോ. ആര്‍.വി. അശോകന്‍ നിര്‍വ്വഹിച്ചു.