ഇബ്രാഹീമി സരണിയുടെ ഗരിമയും തെളിമയുമാണ് ബലിപെരുന്നാൾ വിശ്വാസികളെ ഓർമിപ്പിക്കുന്നതെന്ന് കേരള ജംഇയ്യത്തുൽ ഉലമ ഈദ് സന്ദേശത്തിൽ വ്യക്തമാക്കി. പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ പതറാതിരിക്കുകയും ദൈവികമാർഗ്ഗത്തിൽ ഉറച്ചു നിൽക്കുകയും ചെയ്ത ഇബ്രാഹീം നബിയുടെ മാതൃക എന്നും നമുക്ക് കരുത്ത് പകരേണ്ടതുണ്ട്. സമർപ്പണത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉദാത്തമായ ചരിത്രമാണ് ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്. വക്രതയില്ലാത്തതും അന്യൂനവുമായ ഏകദൈവ വിശ്വാസമാണ് വിജയത്തിന്റെ നിധാനമെന്ന് ബലിപെരുന്നാൾ നമ്മെ പഠിപ്പിക്കുന്നതായും കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഈദ് സന്ദേശത്തിൽ പറഞ്ഞു.
