എടവണ്ണ ജാമിഅ നദ്‌വിയ്യ അന്താരാഷ്ട്ര സയൻസ് സെമിനാർ സംഘടിപ്പിച്ചു

Malappuram

എടവണ്ണ: ജാമിഅഃ നദ് വിയ്യ ആർട്സ് ആൻ്റ് സയൻസ് കോളേജും ട്രെയിനിംഗ് കോളേജും സംയുക്തമായി, സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ശാസ്ത്ര ഗവേഷണ മേഖലകളെ പരിചയപ്പെടുത്താൻ വേണ്ടി രണ്ടാമത് അന്താരാഷ്ട്ര സയൻസ് സെമിനാർ സംഘടിപ്പിച്ചു.

ജാമിഅഃ നദ് വിയ്യ ഡയറക്ടർ ആദിൽ അതീഫ് സ്വലാഹി അധ്യക്ഷത വഹിച്ച സെമിനാർ ഇംഗ്ലണ്ടിലെ നോർത്തമ്പ്രിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ശഫീർ കളത്തിൽ ഉദ്ഘാടനം ചെയ്തു, രാഷ്ട്ര നിർമ്മിതിയിലും വികസത്തിനിലും മികച്ച ശാസ്ത്രജ്ഞർക്ക് വലിയ ദൗത്യം വഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൂക്ഷ്മ ജീവികളെ ഉപയോഗിച്ച് ഊർജ്ജ സ്രോതസ്സുകളെ ഉണ്ടാക്കുന്നതിനും ബാക്ടീരിയകളെ ഉപയോഗപ്പെടുത്തി ആഗോള താപനം കുറക്കുന്നതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൗതിക ശാസ്ത്രം , രസതന്ത്രം , ജീവശാസ്ത്രം ഇവയുടെ ബന്ധങ്ങളിലൂടെയാണ് ഫലപ്രദമായ ശാസ്ത്ര ഗവേഷണങ്ങൾ ഉരുത്തിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേരി ക്യൂറി ഫെല്ലോഷിപ്പ് പോലുള്ള അന്തർ ദേശീയ നേട്ടങ്ങൾ നേടിയെടുക്കാൻ നിരന്തര ശ്രമങ്ങൾ വിദ്യാർത്ഥികൾ നടത്തണമെന്നും, ശാസ്ത്ര രംഗത്തെ അതിയായ ഉത്സാഹം ഗവേഷണ വിദ്യാർത്ഥികൾക്ക് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു .

അനൗദ്യോഗിക ചർച്ചകളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും പല മികച്ച കണ്ടുപിടുത്തങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ടെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമപ്പെടുത്തി.

ഒമാനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രൊഫസർ ഡോ. അബ്ദുൽ റഹീം എം കെ രസതന്ത്രത്തിൽ പുതുതായി നടക്കുന്ന ഗവേഷണ മേഖലകളെ പരിചയപ്പെടുത്തി സംസാരിച്ചു.

ഖത്തറിലെ വെയിൽ കോണെൽ മെഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷക ഡോ. മുനീറ വാകയിൽ അമിത വണ്ണം തടയാനും അത് കൊണ്ട് ഉണ്ടാവുന്ന അസുഖങ്ങളെ തടയുന്ന ഗവേഷണ മേഖലയെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചു.

ഇന്ത്യയിലെ ഗവേഷണ അവസരങ്ങളെ പരിചയപ്പെടുത്തി കുസാറ്റ് അസി. പ്രൊഫസർ ഡോ. ഫവാസ് ടികെ സംസാരിച്ചു. ശേഷം വിദ്യാർഥികളുടെ വ്യത്യസ്ത മേഖലകളിൽ ഉള്ള പ്രബന്ധ അവതരണ ങ്ങൾ നടന്നു. ജാമിഅഃ നദവിയ്യ റെസിഡൻഷ്യൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച യങ് സയൻ്റിസ്റ്റ് പ്രോഗ്രാം ചീഫ് അക്കാദമിക് ഓഫീസർ ഡോ. വസീൽ വിശദീകരിച്ചു. പ്രൊഫ. അബ്ദുൽ അസീസ്, കെവി അബൂബകർ, ശുകൂർ സ്വലാഹി, ഡോ. സീതിക്കോയ, ഡോ. അബ്ദുൽ ഗഫൂർ, പ്രൊഫ അബ്ദുൽ സലാം, ഷമീം അരീക്കര, സുമയ്യ കെടി, നാസിഹ, ഗഫൂർ സ്വലാഹി, ജിഹാദ് മോൻ എന്നിവർ സംസാരിച്ചു.