“ഓടകളിൽ നമ്മുടെ താരങ്ങൾ അഴുകുന്നു” നമുക്ക് ചേരുമത്

Articles

ചിന്ത / എ പ്രതാപൻ

IN THE GUTTERS OUR STARS DECAY എന്ന ഒരു വരി സെർബിയൻ കവി വാസ്കോ പോപ ( Vasko Popa) എഴുതിയിട്ടുണ്ട്. ഓടകളിൽ നമ്മുടെ താരങ്ങൾ അഴുകുന്നു. അത് നമുക്ക് ചേരും. നമ്മുടെ സിനിമക്കാർ, സാംസ്ക്കാരിക നായകർ, രാഷ്ട്രീയ നേതൃത്വം എല്ലാം അളിഞ്ഞു നാറുന്ന ദുരധികാരത്തിൻ്റെ ദുർഗന്ധം ചുറ്റും പരക്കുകയാണ്. സമൂഹത്തെ മുഴുവൻ അന്ധകാരം വിഴുങ്ങുകയാണ്. ഈ ” വലിയ” മനുഷ്യരെ തള്ളി
“ചെറിയ” മനുഷ്യരിലേക്ക് വരാൻ നേരമായി. താരങ്ങളായി നടിച്ച് അഴുക്ക് ചാലിൽ വീണുപോയവരിൽ നിന്ന് ഏത് അഴുക്കുചാലിൽ കിടക്കുമ്പോളും കത്തി നിൽക്കുന്ന സാധാരണ മനുഷ്യരിലേക്ക് . അധികാരത്തിൽ (power) നിന്ന് ബഹിഷ്കൃതരെങ്കിലും , സഹജമായ നന്മകളാൽ ലോകത്തെ നില നിർത്തുന്നവരിലേക്ക് . മുമ്പെഴുതിയ അത്തരമൊരു സാധാരണ മനുഷ്യനെ കുറിച്ചുള്ള ഓർമ്മ വീണ്ടും പങ്കുവെക്കുന്നു,
ഈ ചീഞ്ഞ കാലത്തെ മറക്കാൻ.

” അനേക വർഷങ്ങൾക്ക് മുമ്പ് തികച്ചും യാദൃശ്ചികമായിട്ടാണ് ഞാൻ പ്രിമോ ലെവിയെ വായിക്കുന്നത്. Other people’s trade എന്ന പുസ്തകം. ചെറിയ ചെറിയ ലേഖനങ്ങളുടെ സമാഹാരം. ലെവി ഓഷ്വിറ്റ്സ് തടവറയിൽ കിടന്ന ആളാണെന്ന് അന്ന് അറിയുമായിരുന്നില്ല. തന്റെ ഓഷ്വിറ്റ്സ് അനുഭവങ്ങളെ കുറിച്ചുള്ള If This Is A Man ,The Truce എല്ലാം വായിക്കുന്നത് പിന്നീട്. ലെവിയുടെ The Periodic Table എന്ന പുസ്തകം ലണ്ടനിലെ റോയൽ സൊസൈറ്റി ശാസ്ത്ര വിഷയങ്ങളിൽ ഇതുവരെ എഴുതപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥമായി തിരഞ്ഞെടുത്തിട്ടുണ്ട്. ലെവി പഠനം കൊണ്ടും തന്റെ തൊഴിൽ കൊണ്ടും അറിയപ്പെടുന്ന ഒരു കെമിസ്റ്റ് കൂടിയായിരുന്നു.

ഈ കുറിപ്പ് ലെവിയെ കുറിച്ചല്ല. ലെവിയുടെ ഓർമ്മക്കുറിപ്പുകളിൽ വരുന്ന ലോറെൻസോ പെറോൺ എന്ന ഒരു സാധാരണ മനുഷ്യനെ കുറിച്ചാണ്. അയാൾ ഏതാണ്ട് നിരക്ഷരനായിരുന്നു. ഇറ്റലിക്കാരനായ ഒരു ഇഷ്ടിക പണിക്കാരൻ . ഫ്രാൻസിൽ പണിയന്വേഷിച്ചു പോയി രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മറ്റ് ഇറ്റലിക്കാർക്കൊപ്പം അവിടെ തടവറയിലുമായി. പിന്നീട് ജർമ്മനി ഫ്രാൻസിനെ ആക്രമിച്ചപ്പോൾ ഇവരെ മോചിപ്പിച്ച് പല തടവുകാരെയും തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കി. അങ്ങനെ ഓഷ്വിറ്റ്സ് തടവറയിൽ ഒരു പണിക്കാരനായി വന്നതാണ് അയാൾ.

1944 ലെ ജൂൺ മാസത്തിലാണ് തടവറയിലെ മതിലു പണിയുന്ന ഒരു പണിക്കാരൻ തന്റെ ഭാഷ സംസാരിക്കുന്നത് ലെവി കേൾക്കുന്നത്. പോയി പരിചയപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലോറെൻസോ ഒരു ചുളുങ്ങിയ അലുമിനിയ പാത്രത്തിൽ കുറച്ച് സൂപ്പ് ആരും കാണാതെ കൊണ്ട് വന്നു കൊടുത്തു. അടുത്ത ആറു മാസവും ഒരു ദിവസം പോലും തെറ്റിക്കാതെ അയാളത് ചെയ്തു. ഇടക്ക് ഓരോ തുണ്ട് ബ്രെഡ് . ആ തടവറയിൽ ഭക്ഷണം അപൂർവ്വ വസ്തുവായിരുന്നു. മൂന്നോ നാലോ മാസമായിരുന്നു ആ തടവറയിലെ അന്തേവാസികളുടെ ശരാശരി ആയുസ്സ് .

ലോറെൻസോ , ലെവിക്ക് ഒരു ബനിയനും കൊടുത്തു.ധാരാളം ഓട്ടകളും തുന്നുകളും ഉണ്ടായിരുന്നുവെങ്കിലും ആ തണുപ്പിനെ അതിജീവിക്കാൻ അത് ലെവിയെ സഹായിച്ചു . അധികാരികൾ അറിഞ്ഞാൽ ജീവൻ പോകുന്ന പ്രവർത്തിയായിരുന്നിട്ടും ഒരു നന്ദി പറയാൻ പോലും അയാൾ അനുവദിച്ചില്ല. അയാളത് നിരസിച്ചു. നന്മ ചെയ്യുന്നത് പ്രതിഫലത്തിന് വേണ്ടിയല്ലല്ലോ. ഒരിക്കൽ അയാൾ ബുദ്ധിമുട്ടി പറഞ്ഞൊപ്പിച്ചു , ഇതൊക്കെ ചെയ്യാനല്ലേ നമ്മൾ മനുഷ്യരായി ജീവിച്ചിരിക്കുന്നത്. ഇറ്റലിക്കാരും അല്ലാത്തവരുമായ പല തടവുകാർക്കു വേണ്ടിയും അയാൾ ഇത് ചെയ്തിരുന്നുവെന്ന് പിന്നീട് ലെവി മനസ്സിലാക്കി. എത്രയോ വർഷങ്ങൾക്ക് ശേഷം ലെവി എഴുതി , ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നതിന് ഈ മനുഷ്യനാണ് ഉത്തരവാദി. ഭൗതികമായ കാരണങ്ങൾ കൊണ്ട് മാത്രമല്ല.

I believe that it was really due to Lorenzo that I am alive today; and not so much for his material aid, as for his having constantly reminded me by his presence, by his natural and plain manner of being good, that there still existed a just world outside our own, something and someone still pure and whole, not corrupt, not savage, extraneous to hatred and terror; something difficult to define, a remote possibility of good, but for which it was worth surviving. But Lorenzo was a man; his humanity was pure and uncontaminated, he was outside this world of negation. Thanks to Lorenzo, I managed not to forget that I myself was a man.”

ഒരു സാധാരണ മനുഷ്യൻ തന്റെ സഹജമായ നന്മ കൊണ്ട് ഭീകരതയുടെയും വെറുപ്പിന്റെയും ഭീതിയുടെയും അല്ലാത്ത നീതിയുക്തമായ ഒരു ലോകം ഉണ്ടെന്ന് എന്നെ സദാ ഓർമ്മിപ്പിച്ചു. ഏറെ ദൂരെയാണെങ്കിലും അതിന് വേണ്ടി അതിജീവിക്കുക പ്രധാനമാണെന്നും. ഞാൻ ഒരു മനുഷ്യനാണെന്ന് മറന്ന് പോകാതിരിക്കാൻ ലോറെൻസോ എന്നെ സഹായിച്ചു.

യുദ്ധം അവസാനിച്ച്, തടവറയിൽ നിന്ന് മോചിതനായ ശേഷം, ലെവി ലോറൻസോയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. തന്റെ രണ്ട് മക്കൾക്കും ലെവി ലോറൻസോയെ ഓർമ്മിപ്പിക്കുന്ന പേരുകളാണ് നൽകിയത്. മകൾക്ക് ലിസ ലോറൻസൊയെന്നും മകന് റെൻസോയെന്നും. തടവറയിലെ കാഴ്ചകൾ ലോറൻസോയെ തകർത്തു കളഞ്ഞിരുന്നു. അയാൾ പിന്നീട് പണിക്ക് പോകാതെയായി , മദ്യപാനിയായി. രോഗിയായി. ലോകത്തിലെ ഏറ്റവും വലിയ നിഷ്ഠുരതകൾ അരങ്ങേറുമ്പോൾ സ്വന്തം ജീവൻ അപകടപ്പെടുത്തി മറ്റു മനുഷ്യരെ രക്ഷിച്ച ആ വിശുദ്ധനായ മനുഷ്യൻ 1952 ൽ ഒരു ക്ഷയരോഗിയായി മരിച്ചു. യെരുശലേമിലെ യാദ് വാഷെം മ്യൂസിയം 1998 ൽ ലോറൻസോയെ ദേശങ്ങളിലെ നീതിമാൻ , righteous among nations, ആയി തിരഞ്ഞെടുത്തു.

അയാൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ വിനയത്തോടെ വേണ്ട എന്ന് പറയുമായിരുന്നു.
എന്തിനാണ് ഞാൻ ഇതൊക്കെ എഴുതുന്നത് എന്ന് അറിയില്ല. ഏറ്റവും മോശമായ കാലങ്ങളിൽ മനസ്സ് കലങ്ങിപ്പോകുമ്പോൾ ഇത്തരം ഓർമ്മകൾ പ്രധാനമാണ് എന്ന് തോന്നുന്നതു കൊണ്ടാവാം. സ്വന്തം അഹന്തയെ ശമിപ്പിക്കാനോ , ഖ്യാതി നേടാനോ, പ്രതിഫലം ഇച്ഛിച്ചോ അല്ലാതെ യാതൊരു സൈദ്ധാന്തിക ജ്ഞാനവും ഇല്ലാത്ത സാധാരണ മനുഷ്യർ തങ്ങളുടെ സഹജമായ നീതി ബോധത്താലും സ്നേഹത്താലും ചെയ്യുന്ന ധീരപ്രവർത്തികൾക്ക് ഒരു വാഴ്ത്ത്. അത്രമാത്രം.

എറിക്ക് ഹോബ്സോം എന്ന ചരിത്രകാരൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. Uncommon People , അഥവാ അസാധാരണ മനുഷ്യർ. ഹോബ്സോം തന്നെ എഴുതുന്നുണ്ട് , അത് ചരിത്രത്തിൽ അസാധാരണമായ ധീരതയോടെ ജീവിച്ച സാധാരണ മനുഷ്യരെ കുറിച്ചാണെന്ന്. സാധാരണക്കാർ എന്ന് പറഞ്ഞ് വില തേച്ച് കളഞ്ഞ ഒരു വാക്കിനെ വീണ്ടെടുക്കാനാണ് താൻ അസാധാരണക്കാർ എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും.”
തിന്മയുടെ വേട്ടയാടൽ ഭീകരമാണ്. അതിന്റെ ഓർമ്മകളിൽ നിന്ന് നിങ്ങൾക്ക് മോചനമില്ല. ലോറെൻസോ മദ്യപാനിയും ക്ഷയരോഗിയുമായി മരിച്ചു. നാസി തടവറകളിൽ നിന്ന് മോചിതനായി നാല് പതിറ്റാണ്ടുകൾക്ക് ശേഷം, 1987 ഏപ്രിൽ 11 ന് , പ്രിമോ ലെവി ഇറ്റലിയിലെ ടൂറിനിൽ ഒരു കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ആ വാർത്ത കേട്ടപ്പോൾ ഏലി വീസെൽ എഴുതി , പ്രിമോ ലെവി ഓഷ്വിറ്റ്സിൽ മരിച്ചു , നാല് പതിറ്റാണ്ടുകൾക്ക് ശേഷം.

താഴെ പ്രിമോ ലെവി,
ലോറെൻസോ പെറോൺ