ഷൗക്കത്ത് വയലും ചില ഓർമകളും

Articles

അഹമദ് പാതിരിപ്പറ്റ

നാദാപുരം പുളിക്കൂൽ പള്ളിയിൽ നിന്നും മഗ്രിബ് നമസ്ക്കാരം കഴിഞ്ഞിറങ്ങുമ്പോഴാണ് പള്ളിയുടെ മുമ്പിലെ കുനിയും സമൃദ്ധമായ തെങ്ങിൻ തോപ്പും കമുകുകളും വാഴ കൃഷിയും മരച്ചീനിയുമെല്ലാം ശ്രദ്ധയിൽപ്പെട്ടത്. ഷൗക്കത്ത് വയൽ എന്നാണാ സ്ഥലം അറിയപ്പെടുന്നത്.

മൗലാനാ ഷൗക്കത്തലിയുടെ പേരുമായി ബദ്ധപ്പെട്ടതാണീ സ്ഥലമെന്ന് അറിഞ്ഞിരുന്നില്ല.
ലോക പ്രശസ്തനായ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്പോരാളി മൗലാനാ ഷൗക്കത്തലിയുടെ
പേര് എങ്ങിനെ ഈ വയലിന് വന്നുവെന്നത് അന്വേഷിച്ചു. ഇതിനെക്കുറിച്ചൊന്നും പുതിയ തലമുറയിൽപ്പെട്ടവർക്ക് കാര്യമായ അറിവുണ്ടാകില്ല. വയലിൻ്റെ റോഡരികിലുള്ള ഭാഗത്ത് ഏതാനും ഷോപ്പുകളാണ്.

പുളിക്കൂലിലാണ് എൻ്റെ ഭാര്യ വീട്. അത് കൊണ്ടു തന്നെ ഈ പ്രദേശവുമായെനിക്ക് പതിറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. കുട്ടിക്കാലത്ത് പുളിക്കൂൽ പാലത്തിലെ തോട്ടുവക്കിലൂടെ ഉമ്മാമ്മയുടെ കൂടെ അവരുടെ തറവാടായ രയരോത്ത് വീടുകളിലേക്ക് നടന്നു പോയ ഓർമ്മകൾ മനസ്സിൽ തെളിയുന്നുണ്ട്. ഷൗക്കത്ത് വയലിന് ചരിത്രകഥകളേറെ അയവിറക്കാനുണ്ട്. ഒരു നൂറ്റാണ്ടു മുമ്പത്തെയാണ് ചരിത്രം. മൗലാനാ ഷൗക്കത്തലിയെന്ന മഹാൻ്റെ പാദസ്പർശമേറ്റ് പുളകമണിഞ്ഞ ഭൂമിയാണത്. ആ മഹാനായ നേതാവ് നാദാപുരത്തുമെത്തിയിരുന്നുവെന്നത് ‘ ചരിത്രം വായിച്ച പലർക്കുമറിയാനിടയില്ല.

ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ മുന്നണി പോരാളി, ഇന്ത്യൻ സ്വതന്ത്ര്യസമര നേതാക്കളിൽ പ്രമുഖനും, മൗലാനാ മുഹമ്മദ് അലിയുടെ സഹോദരനുമായിരുന്ന മൗലാനാ ഷൗക്കത്തലി. ജനങ്ങളെ പുളകമണിയിച്ച അദ്ദേഹത്തിൻ്റെ പ്രസംഗത്തിന് വേദിയൊരുക്കിയത് അന്ന് ഈ വയലിലായിരുന്നുവെന്നാണ് അറിയുന്നത് ഓക്സ് ഫോഡ് ബിരുദധാരിയായ ആ മഹാൻ്റെ ചരിത്രം ജ്വലിച്ചു നിൽക്കുന്നത് കൊണ്ടാണിത് ഷൗക്കത്ത് വയലായത്.

1933 ൽ പ്രസിദ്ധമായ സുന്നി മുജാഹിദ് വാദപ്രതിവാദം നടന്നതും ഈ വയലിൽ വെച്ചാണ്. പതിനായിരങ്ങൾ പങ്കെടുത്ത വൻ പരിപാടി. സുന്നീ- മുജാഹിദ് പണ്ഡിത ശ്രേഷ്ടർ അണിനിരന്ന പ്രൗഡഗംഭീര വേദി .മുജാഹിദ് പണ്ഡിതരുടെ ചോദ്യങ്ങൾക്കു മുമ്പിൽ പതറിയ യാഥാസ്ഥിതികർ ഒരക്ഷരത്തിൻ്റെ ഉച്ചാരണപ്പിശകിൽ പിടിച്ചു കയറി ലാമിനെ കട്ടു വെന്ന് ആരോപിച്ചു ബഹളമുണ്ടാക്കി യോഗം അലങ്കോലപ്പെടുത്തി വാദപ്രതിവാദത്തിൽ നിന്ന് പിന്തിരിഞ്ഞോടിയതും ഈ വയലിൽ നിന്നാണ്. കേരളത്തിൽ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായ വാദപ്രതിവാദമാണിതെന്നാണറിവ്.

വാദപ്രതിവാദം കേൾക്കാൻ നാദാപുരത്തെയും സമീപപ്രദേശങ്ങളിലെയും ജനം ഒഴുകിയെത്തി. സുന്നി പക്ഷത്തിൻ്റെ സംരക്ഷണം നാദാപുരം, പാറക്കടവുകാരും മുജാഹിദ് വിഭാഗത്തിൻ്റെ സംരക്ഷണം കുററ്യാടിക്കാർക്കുമായിരുന്നു.
ജനശ്രദ്ധയാകർഷിച്ച പരിപാടിയുടെ നിയന്ത്രണം ആ കാലത്തെ മലബാർ ജില്ലാ പോലീസ് പ്രസിഡൻ്റ് കലീമുല്ലാ സാഹിബിനായിരുന്നു. പക്ഷെ പരിപാടി ശ്രവിക്കാൻ ഉച്ചഭാഷിണിയില്ലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.കലീമുല്ലാ സാഹിബിൻ്റെ ഇംഗ്ലീഷ് ഭാഷണം പരിഭാഷപ്പെടുത്തിയിരുന്നത് കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിന്നിരുന്ന മുസ്ലിം ലീഗ് നേതാവ് മർഹും കെ.എം. സീതി സാഹിബായിരുന്നു. സീതി സാഹിബ് പങ്കെടുത്ത പരിപാടിയാണെന്നറിയുമ്പോൾ, അതിൻ്റെ ചരിത്ര പ്രാധാന്യം നമുക്ക് ബോധ്യപ്പെടും.

പുളിക്കൂൽ പള്ളിക്കും ഏറെ ചരിത്രകഥകളയ വിറക്കാനുണ്ടാവും. ഇന്ന് നെൽപ്പാടത്തിൻ്റെ സ്ഥാനത്ത് തല ഉയർത്തി നിൽക്കുന്ന കേര വൃക്ഷങ്ങൾക്ക് എന്തെല്ലാം ചരിത്ര കഥകൾ പറയാനുണ്ടാവും. വിസ്മൃതിയിലാണ്ടുപോയ നാദാപുരത്തിൻ്റെ മഹനീയ ചരിത്രത്തെക്കുറിച്ച് പഠിക്കാനെങ്ങിലും ചരിത്രാന്വേഷകർ തയ്യാറാകണം. അപ്പോൾ ഈ വയലിൻ്റെ ചരിത്രം ഏറെ തിളക്കമുള്ളതാണെന്ന് ബോധ്യപ്പെടും.