കോഴിക്കോട് :സ്വാതന്ത്ര്യസമര സേനാനിയും സാംസ്കാരിക-വിദ്യാഭ്യാസ രാഷ്ട്രീയ-സാമൂഹിക- മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.വി. സാമിയുടെ സ്‌മരണയ്ക്കായി
ഏർപ്പെടുത്തിയ സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ-കൾച്ചറൽ അവാർഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലന് സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച സമർപ്പിക്കുമെന്ന് സംഘാടകർ
പത്ര സമ്മേളനത്തിൽ അറിയിച്ചു.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത് ‘ശ്രീനാരായണ സെൻ്റിനറി ഹാളിൽ സെപ്റ്റംബർ 1 ന് വൈകീട്ട് 4.30ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിളള പുരസ്കാരം സമർപ്പിക്കും. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പ്രശസ്‌തിപത്രം സമർപ്പിക്കും. മേയർ ഡോ. ബീന ഫിലിപ്പ് അനുസ്‌മരണ സമിതിയുടെ സ്നേഹോപഹാരം പൂച്ചെണ്ടുകൾ സമർപ്പിക്കും. എം.കെ. രാഘവൻ എം.പി. പൊന്നാട അണിയിക്കും. തോട്ടത്തിൽരവീന്ദ്രൻ എം.എൽ.എ., മുൻ എം.പി. ബിനോയ് വിശ്വം എന്നിവർ സന്നിഹിതരാകും .
പി.വി. ഗംഗാധരന്റെ മക്കളായ ഷെഗ്ന, ശ്രീമതി ഷെർഗ എന്നിവർ ചേർന്ന് പുഷ്‌പഹാരം അണിയിക്കും. മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും. തുടർന്ന് അവാർഡ് ജേതാവ് ഗോകുലം ഗോപാലൻ മറുപടി പ്രസംഗം നടത്തും. പി.വി. നിധീഷ് സ്വാഗതവും ഡോ. ജയ് കിഷ് ജയരാജ് നന്ദിയും പറയും.
പി.വി. സാമിയുടെ സ്‌മരണ നിലനിർത്താനുള്ള എളിയ യത്നമെന്ന നിലക്കും വ്യാവസായിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനുമാണ് പി.വി. സാമി മെമ്മോറിയല് ട്രസ്റ്റ് ഈ അവാർഡ് നൽകി വരുന്നതെന്ന് സംഘാടകർ പറഞ്ഞു.പത്ര സമ്മേളനത്തിൽ പി വി ചന്ദ്രൻ, പി വി നിതീഷ്, ഷെഗ്ന ഗംഗാധരൻ, പുത്തൂർമഠം ചന്ദ്രൻ,അഡ്വ. എം രാജൻ എന്നിവർ പങ്കെടുത്തു.