ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ്

Kozhikode

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ചടങ്ങിലാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. കെ കെ ഹര്‍ഷിന സമരസഹായ സമിതിയുടെ നേതൃത്വത്തിലാണ് ക്രൗഡ് ഫണ്ടിങ് നടക്കുന്നത്.

25 ലക്ഷം രൂപയാണ് ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ തുകകൊണ്ട് ഹര്‍ഷിനയുടെ ചികിത്സയും കൂടെ നിയമ സഹായവും ജീവിതമാര്‍ഗവും സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. വയറിനുള്ളില്‍ നിന്ന് കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെയാണ് ഹര്‍ഷിന വീണ്ടും വൈദ്യസഹായം തേടിയത്.

കത്രിക നീക്കം ചെയ്തിടത്ത് വീണ്ടും ശസ്ത്രക്രിയ അനിവാര്യമെന്ന് കണ്ടതോടെയാണ് ചികിത്സ ചെലവിനായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.

അഞ്ച് വര്‍ഷത്തോളം ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങിലാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്നകാരണമെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം മാറ്റിയെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്നങ്ങളും പ്രയാസങ്ങളും അലട്ടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ വച്ച് അല്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം നിലപാടെടുത്തത്.

അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ അന്ന് നൂറിലേറെ ദിവസം മെഡിക്കല്‍ കോളജിന് മുമ്പില്‍ ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

തിടുക്കപ്പെട്ട് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ മനപ്പൂര്‍വം മൗനം തുടരുകയാണ്. ഇങ്ങനെ വഴിമുട്ടിയ സാഹചര്യത്തിലാണ് കെ കെ ഹര്‍ഷിന സമരസഹായ സമിതി ക്രൗഡ് ഫണ്ടിങ് തുടങ്ങുന്നത്. എം കെ രാഘവന്‍ എംപി ഫണ്ടിങ് ഉദ്ഘാടനം ചെയ്തു. ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി എം നിയാസ്, മുസ്തഫ പാലാഴി, ഹബീബ് ചെറൂപ്പ തുടങ്ങി സമരസമിതിയുടെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെയും പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.