മനുഷ്യത്വമില്ലാത്ത ബിരുദധാരികള്‍ നാടിനാപത്ത്: ഐ എസ് എം

Kozhikode

കോഴിക്കോട്: മനുഷ്യത്വമില്ലാത്ത ബിരുദധാരികളെ സൃഷ്ടിച്ചുവിടുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്ത്രീധന പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ ശിക്ഷാനടപടികള്‍ നടപ്പിലാക്കണം. സ്ത്രീധന ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നറിയുന്ന വിവാഹങ്ങള്‍ മഹല്ലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കരുത്. മഹല്ല് സമിതികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനങ്ങളില്‍ പലതും സ്ത്രീധനവുമായി ബന്ധപ്പെട്ടുകൊണ്ടാണെന്നത് ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. ഏറെ പുരോഗതി കൈവരിച്ച കാലത്തും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ പണക്കൊതി മൂലം ദാമ്പത്യബന്ധങ്ങള്‍ തകര്‍ക്കുന്നതിന്റെ കാരണങ്ങള്‍ വസ്തുതാപരമായി വിശകലനം ചെയ്യണം. വിദ്യാഭ്യാസത്തിലൂടെയുള്ള മൂല്യകൈമാറ്റത്തിലെ അപാകതകളെ തിരിച്ചറിഞ്ഞ് പരിഹാരം കാണണമെന്നും ഐ എസ് എം കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന ജനവരിയില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന കൗണ്‍സില്‍ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.

ഡോ. കെ.ടി അന്‍വര്‍ സാദത്ത്, ഷരീഫ് കോട്ടക്കല്‍, ഷാനവാസ് പേരാമ്പ്ര, മുഹ്‌സിന്‍ തൃപ്പനച്ചി,റഫീഖ് നല്ലളം,ജിസാര്‍ ഇട്ടോളി, ഷാനവാസ് വിപി,അയ്യൂബ് എടവനക്കാട്,ആസിഫ് പുളിക്കല്‍,ഡോ. യൂനുസ് ചെങ്ങര,മുഹമ്മദ് മിറാഷ്, ജൗഹര്‍ അയനിക്കോട്, ഫാസില്‍ ആലുക്കല്‍, ഡോ. റജൂല്‍ ഷാനിസ്, ഫാദില്‍ റഹ്മാന്‍, അബ്ദുലത്വീഫ് മംഗലശ്ശേരി,ടി.കെ.എന്‍ ഹാരിസ്,ബുറാഷിന്‍ എറണാകുളം,സഅദ് കൊല്ലം,മുഹമ്മദ് നിസാര്‍ ബാലുശ്ശേരി, മുഫ്‌ലിഹ് വയനാട്, അനീസ് തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.