ചിന്ത / എ പ്രതാപൻ
ബോർഹെസിൻ്റെ ഒരു കഥയുണ്ട്, THE LOTTERY IN BABYLON ,ബാബിലോണിലെ ഭാഗ്യക്കുറി . നൂറ്റാണ്ടുകളായി ബാബിലോണിൽ നടക്കുന്ന ഒരു കളിയാണ് . ക്രമങ്ങളിൽ മടുത്ത ഒരു സമൂഹത്തിലേക്ക് , ക്രമരാഹിത്യത്തെ, ആകസ്മികതയെ കൊണ്ടു വരുന്നുണ്ട് ആ ഭാഗ്യക്കുറി. ആദ്യമൊക്കെ അത് വെറും ഭാഗ്യത്തിൻ്റെ കുറിയായിരുന്നു. അതും പെട്ടെന്ന് മടുപ്പിക്കുന്നു. അങ്ങനെയാണ് അവർ തങ്ങളുടെ ഭാഗ്യക്കുറിയിലേക്ക് നിർഭാഗ്യത്തെ കൊണ്ടു വരുന്നത്.
മുപ്പത് ഭാഗ്യ നമ്പറുകൾ കഴിഞ്ഞാൽ ഒരു നിർഭാഗ്യത്തിൻ്റെ നമ്പർ . അത് വീഴുന്നവൻ ശിക്ഷ ഏറ്റു വാങ്ങണം , പിഴയോ , തടവോ, ചിലപ്പോൾ വധശിക്ഷ തന്നെയോ . അത് അവരുടെ ജീവിതങ്ങളെ ഉദ്വേഗഭരിതമാക്കുന്നു. തുടക്കത്തിൽ അത് പുരോഹിതരുടെ മാത്രം കളിയായിരുന്നു . ആ ഭാഗ്യനിർഭാഗ്യ പങ്കാളിത്തത്തിനുള്ള അവസരം നിഷേധിക്കുന്നതിനെതിരെ അവിടത്തെ അടിമകൾ നടത്തിയ പോരാട്ടത്തിൻ്റെ ചരിത്രമാണ് ബാബിലോണിൻ്റെ ചരിത്രം. ഒരു അടിമ ഭാഗ്യക്കുറി ടിക്കറ്റ് മോഷ്ടിക്കുന്നതോടെയാണ് ആ പോരാട്ടം ആരംഭിക്കുന്നത്. ആ നറുക്ക് വീണതിൻ്റെ ഫലം അയാളുടെ നാവ് മുറിച്ചു കളയുക എന്നതായിരുന്നു .
ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചതിനുള്ള ശിക്ഷയും അതു തന്നെയായിരുന്നു . ഭാഗ്യക്കുറിയിൽ പങ്കെടുക്കാനുള്ള അവകാശം അംഗീകരിച്ച് , ആ നറുക്ക് വീണതിൻ്റെ പേരിൽ അയാളുടെ നാവ് അറുക്കണം എന്ന് അയാളെ അനുകൂലിച്ച പുരോഗമനവാദികളും , ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചതിനുള്ള ശിക്ഷയായി അയാളുടെ നാവ് അറുക്കണമെന്ന് യാഥാസ്ഥിതികരും ആവശ്യപ്പെട്ടു.
ആ കഥ നീണ്ട ഒരു കഥയാണ്. അത് വിവിധ സന്ദേഹങ്ങളിലാണ് അവസാനിക്കുന്നത്. ഭാഗ്യക്കുറിയുടെ ആ കമ്പനി പൂട്ടിപ്പോയെന്ന് ചിലർ കരുതുന്നു , ഇപ്പോഴും നമ്മളനുഭവിക്കുന്ന വിശുദ്ധമായ ക്രമരാഹിത്യങ്ങൾ നമ്മൾ പാരമ്പര്യമായി ആർജ്ജിച്ചതാണ് . ചിലർ കരുതുന്നത് കമ്പനി സർവവ്യാപിയാണെന്നാണ് , അവസാനത്തെ ദൈവം ഭൂമിയെ അവസാനിപ്പിക്കുന്ന അന്ത്യ രാത്രി വരെ അത് നിലനിൽക്കും. ചിലർ കരുതുന്നത് കമ്പനി ഒരിക്കലും നിലനിന്നിട്ടില്ല , നിലനിൽക്കുകയുമില്ല എന്നാണ്. കമ്പനി ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത് , നമ്മുടെ ജീവിതം തന്നെ അനന്തമായ യാദൃശ്ചികതകളുടെ ഒരു കളിയല്ലേയെന്നും കരുതുന്നവരുണ്ട്.
**
ഈ കഥ വളരെ പണ്ട് വായിച്ചതാണെങ്കിലും ജീവിതാസംബന്ധങ്ങളുടെ പല മുഹൂർത്തങ്ങളിലും ഓർമ്മയിലേക്ക് വരാറുണ്ട്. നമ്മുടെ ജനാധിപത്യം ഒരു ബാബിലോൺ ഭാഗ്യക്കുറിയാണോ എന്ന ഞെട്ടൽ ചിലപ്പോൾ പിടി കൂടും. നിർഭാഗ്യവാനാകാനുള്ള അവസരവും അവകാശവും പൊരുതി നേടി നാവ് അരിയപ്പെട്ട ഒരു അടിമ ഉള്ളിലിരുന്ന് കിതയ്ക്കും.
ആ ഭാഗ്യക്കുറിയുടെ ഏതോ നറുക്കിൽ എൻ്റെ ഏതോ സഹോദരി ബലാത്സംഗം ചെയ്യപ്പെടാനുള്ള അവകാശം, അവസരം, ഞാൻ നേടിയതാണോ?
യു ഡി എഫ് , ബി ജെ പി നേതാക്കളാൽ മാത്രമല്ല,
എൽ ഡി എഫ് നേതാക്കളാലും ബലാത്സംഗം ചെയ്യപ്പെടാനുള്ള അവകാശം , തുല്യ നീതി ആഘോഷിക്കുന്ന ഒരു അടിമ എൻ്റെ ഉള്ളിലിരുന്ന് ചിരിക്കുന്നു.