കുഞ്ഞുങ്ങളുടെ ചോരയാല്‍ ചുവന്ന ചാവുകടല്‍

Articles

വാക്ശരം / ടി കെ ഇബ്രാഹിം

മൗനിയായിരിക്കാന്‍ നിനക്കെന്തവകാശമെന്ന സ്വന്തംമന:സാക്ഷിയുടെ നിരന്തരമായ ചോദ്യത്തിനു മുമ്പില്‍ മറ്റൊരുത്തരമില്ലാതെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചെഴുതുകയാണ്. ഒരു നിസ്സഹായന്റെ കുറ്റസമ്മത മൊഴിപോലെ. മരണത്തോളം വിരസമല്ലല്ലോ അവര്‍ത്തനം. പൊറുക്കുക. സയണിസ്റ്റുകളല്ലാത്ത ഒരൊറ്റ ജൂതവംശജനും ഇന്ന് ഇസ്രയേലിനൊപ്പമില്ല. വംശീയ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ വിപണന മൂല്യം തിരിച്ചറിഞ്ഞ് ഓരോ തിരഞ്ഞെടുപ്പു വേളകളിലും ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു ചില വന്‍ ശക്തി ഭരണകൂടങ്ങളും ഇസ്രയേലിനൊപ്പമാണ്. അപ്പോഴും അത്തരം രാജ്യങ്ങളിലുള്‍പ്പെടെ ലോകമെങ്ങുമുള്ള യുദ്ധവിരുദ്ധരും മാനവികതയില്‍ അചഞ്ചലമായി വിശ്വസിക്കുന്നവരുമായ ലക്ഷോപലക്ഷം ജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധക്കടല്‍ രാജ്യതലസ്ഥാനങ്ങളിലും വന്‍ നഗരങ്ങളിലും ആര്‍ത്തിരമ്പുകയാണ്. അതില്‍ മത, വര്‍ഗ്ഗ, വര്‍ണ, വ്യത്യാസങ്ങളില്ല.

ജൂത പുരോഹിതരായ റബ്ബികള്‍ മുതല്‍ സാധാരണ ജൂതവംശജര്‍ വരെ ശക്തിപ്രകടനങ്ങളില്‍ പങ്കെടുത്തു സംസാരിക്കുന്നു. അവരുടെ ദുഃഖവും നിസ്സഹായതയും, പ്രതിഷേധവുമറിയിക്കുന്നു. ! സയണിസ്റ്റുകളുടെ നന്ദികേടിന് ലോകത്തോട് സ്വന്തം വശത്തിന്റെ പേരില്‍ മാപ്പു ചോദിക്കുന്നു.!! വെടി നിര്‍ത്തണമെന്ന ലോക ജനതയുടെ അന്ത്യശാസനം പക്ഷേ പതിനായിരങ്ങളുടെ രക്തമൂറ്റി കുടിച്ചിട്ടും ദാഹം ശമിക്കാത്ത നെതന്യാഹുവെന്ന രാക്ഷസനോ, ജോബൈഡനെന്ന കടല്‍ കിഴവന്റെ ബധിര കര്‍ണ്ണങ്ങളിലെ ശ്രവണ ഹായിക ള്‍ക്കകത്തോ ഈനിമിഷം വരെ ചെന്നെത്തിയിട്ടില്ല.

ഈജിപ്റ്റും, ഖത്തറും ചര്‍ച്ച നടത്തുന്നു, ഇറാനും സിറിയയും ചര്‍ച്ച തുടരുന്നു. തീരുമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടല്‍ തിരമാലകള്‍ക്കൊപ്പം അലകളായെഴുകുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല. വെടിയൊച്ച നിലയ്ക്കുന്നില്ല. ചോരപ്പുഴകളുംകണ്ണീര്‍ ചാലുകളും ഇപ്പോഴും നിറഞ്ഞൊഴുകുന്നു. സഹസ്രാബ്ദങ്ങള്‍ ലോകമെങ്ങുമലയേണ്ടിവന്ന ജൂതനുമേലുള്ള ചരിത്രത്തിന്റെ വിധി പക്ഷേ ഇസ്രയേല്‍ അധിനിവേശത്തോടെ നിലച്ചെന്നു കരുതിയവര്‍ക്കു തെറ്റി. ഇനി ലോകത്തൊരിടത്തും സയണിസ്റ്റ് ജൂതന്റെ പൊതുതി സമാധാനപൂര്‍ണ്ണമാവില്ല തീര്‍ച്ച.

ഇന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മുഴുവനായും കൊന്നു തീര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഏതെങ്കിലും അഭയാര്‍ത്ഥി ക്യാമ്പിലോ അനാഥാലയങ്ങളിലോ അജ്ഞാതരുടെ കാരുണ്യമേറ്റ് അവര്‍ വളരും. തങ്ങളുടെ മതാപിതാക്കളെ, കൂടെ പിറപ്പുകളെ, ബാല്യകൗമാരങ്ങളും യുവത്വവും കവര്‍ന്നവരെ,
പെറ്റുവീണ വീടും രാജ്യവും അഗ്‌നിക്കിരയാക്കിയവരെ, ഓര്‍ത്തോര്‍ത്തവര്‍ വളരും.

സയണിസ്റ്റിന്റെ അന്ത്യവിധി നിര്‍ണ്ണയിക്കാന്‍ മറ്റൊരു ഫ്യൂറര്‍ അവരില്‍ നിന്നുയിര്‍ക്കില്ലെന്നെന്തുണ്ടുറപ്പ്!
ചരിത്രത്തിന്റെ വഴികള്‍ പൂര്‍വ്വ കഥിതമല്ലെന്നു മാത്രമല്ല. അനിശ്ചിതവുമാണ്. മണ്ണില്‍ വീണ ഓരോ തുള്ളി രക്തത്തിനും കണക്കുചോദിച്ചേക്കാം. അളന്നു വാങ്ങാം. ചരിത്രംമഹാദുരന്ത മായാവര്‍ത്തിക്കാം. കാലത്തിന്റെ കണക്കുപുസ്തകത്തിലെ തുടരധ്യായങ്ങളില്‍ എന്തെന്നു മേതെന്നു മാര്‍ക്കറിയാം. പശ്ചിമേഷ്യന്‍ തീരത്ത് മറ്റൊരു ചെങ്കടല്‍ രൂപപ്പെടുകയാണ് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ചോരയും കണ്ണിരുംകൊണ്ടു ചുവന്ന ചാവുകടല്‍.