പാലത്ത്: പാലത്ത് ബസാറിനെ ഇരുട്ടിലാക്കുന്ന നടപടിക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം. പ്രശ്നം നിരന്തരമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. കടകളിലെ മുഴുവൻ ലൈറ്റുകളും ഓഫ് ചെയ്ത് മെഴുകുതിരി കത്തിച്ചതിനുശേഷം പന്തം കൊളുത്തിയായിരുന്നു പ്രകടനം.
നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം അധികാരികൾക്കുള്ള താക്കീതായി.
കടകൾ അടച്ചു കഴിഞ്ഞാൽ പാലത്ത് ബസാറിൽ കൂരാക്കൂരിരുട്ട്. വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച രണ്ട് ഹൈമാസ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല.
ബസാറിലെ ഒരു സ്ട്രീറ്റ് ലൈറ്റും പ്രകാശിക്കുന്നില്ല.ബസാറിലെ തുടക്കത്തിലുള്ള രണ്ട് ഹമ്പുകളിലും ഇരുട്ടായാൽ ബൈക്കുകളും മറ്റും വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ഈ കാര്യങ്ങളൊക്കെ നിരന്തരമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ രാജേന്ദ്രൻ
ജനറൽ സെക്രട്ടറി സിറാജ് എം, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ പി സുനിൽകുമാർ ഊട്ടുകുളം സെക്രട്ടറിമാരായ അഫ്സൽ എൻ പി അരുൺ യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ഷിനോജ് ജനറൽ സെക്രട്ടറി നൗഫൽസി ട്രഷറർ പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.