കോഴിക്കോട്: ” അക്ഷരജ്ജ്വാലാമുഖം കല്പിച്ച ജ്ഞാനത്തിൻ്റെ വിശ്വദർശനം കണ്ട
ഗുരുവേ , നമസ്കാരം ” … ദർശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി കവി പി കെ ഗോപി കയ്യൊപ്പു ചാർത്തിയ കവിത ആലേഖനം ചെയ്ത ആദര പത്രവും പ്രസിദ്ധ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ തൻ്റെ നോവൽ സമുദ്രശിലയുടെ പുറം താളിൽ രേഖപ്പെടുത്തി കയ്യൊപ്പു ചാർത്തിയ ” പവിത്രമായ ഒരധ്യാപന കാലം ഒരു ദേശത്തിന് സമർപ്പിച്ചതിനുള്ള നന്ദി ” യുമായി ദർശനം സാംസ്കരിക വേദി പ്രവർ ത്തകർ ദേശീയ അധ്യാപക ദിനത്തിൽ അക്ഷരോപഹാരവുമായി ലൈബ്രറി കൗൺസിൽ മുൻ ഭാരവാഹി വി വി പി നമ്പ്യാർ മാസ്റ്ററുടെ വസതിയിൽ എത്തി.
ദർശനം ആയുഷ്കാലയംഗവും അധ്യാപകനുമായ എൻ ഡി ഉണ്ണികൃഷ്ണൻ വി വി പി യെ പൊന്നാട ചാർത്തി. സെക്രട്ടറി എം എ ജോൺസൺ സമുദ്രശില സമ്മാനിച്ചു. ദർശനം പ്രവർത്തകരായ കെ പി മോഹൻദാസ്, ഉണ്ണികൃഷ്ണൻ എന്നിവർചേർന്ന് ആദരപത്രം കൈമാറി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അക്ബർ കക്കട്ടിലിൻ്റെ അധ്യാപക കഥകൾ , പി കെ പാറക്കടവിൻ്റെ പെരുവിരൽക്കഥകൾ, കെ പി രാമനുണ്ണിയുടെ ഹൈന്ദവം എന്നിവ എഴുത്തുകാരനും കാച്ചിലാട്ട് ചാത്തു മെമ്മോറിയൽ യു പി സ്കൂൾ പ്രധാനാധ്യാപകനുമായ ജ്യോതിസ് പി. കടയപ്രത്ത് , രാമകൃഷ്മിഷൻ ഹയർ സെക്കൻ്ററി വിഭാഗം ഇംഗ്ളീഷ് അധ്യാപിക ജ്യോത്സന പി. കടയപ്രത്ത്, ഭാര്യ പാറുക്കുട്ടി ടീച്ചർ, മാധ്യമ പ്രവർത്തകൻ ഹരിലാൽ ( മാതൃഭൂമി) എന്നിവർക്ക് സമ്മാനിച്ചു.
1994 ൽ പനയോല മേഞ്ഞ ഷെഡിൽ തുടങ്ങിയ ദർശനം സാംസ്കാരികവേദിയുടെ ഗ്രന്ഥശാല നിരന്തരം സന്ദർശിച്ച് ആദ്യ ലൈബ്രറി കൗൺസിൽ നിലവിൽ വന്നയുടൻ അംഗീകാരം ലഭ്യമാക്കാൻ മുൻകൈ എടുത്തത് അന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായിരുന്ന വി വി പി നമ്പ്യാർ ആയിരുന്നു. ഇന്ന് സംസ്ഥാനത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗ്രന്ഥശാലയായി വളർന്ന് എ പ്ലസ് നിലവാരത്തിൽ ദർശനത്തെ എത്തിച്ചതിൽ മുഖ്യപങ്കു വഹിച്ച വ്യക്തി എന്ന നിലയിലാണ് ഇന്ന് ദർശനം പ്രവർത്തകർ, അറിയപ്പെടുന്ന ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവു കൂടിയായിരുന്ന വി വി പി നമ്പ്യാരുടെ വസതിയിലെത്തി ദേശീയ അധ്യാപകദിനാശംസകൾ നേർന്നത്.