കോഴിക്കോടിന്‍റെ ഐടി -ടൂറിസം മേഖലയുടെ മുഖച്ഛായ മാറ്റാൻ ലുലു

Kozhikode

കോഴിക്കോട് : മലബാറിന്റെ വാണിജ്യവികസന സൂചികയിൽ പുതുചരിത്രമെഴുതും ലുലു. കോഴിക്കോട് മാങ്കാവിൽ തുറന്ന പുതിയ ലുലു മാൾ നഗരത്തിന്റെ സമഗ്ര വികസനത്തിൽ നിർണായക കേന്ദ്രമായി മാറും.. പുതിയ മാൾ തുറന്നതോടെ രണ്ടായിരം പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിന് പുറമേ അമ്പതോളം പുതിയ ഷോപ്പുകളും കിയോസ്ക്കുകളും തുറക്കുന്നതിനാൽ നിരവധി പേർക്ക് അധിക ജോലി അവസരമൊരുങ്ങിയിരിക്കുകയാണ്.. നികുതിയിനത്തിൽ മാത്രം കോടികളാണ് നഗരസഭയ്ക്ക് മാത്രം ലഭിക്കുക.

വൈദ്യുതി, ജല നികുതി അടക്കം സർക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേറെ.
കോഴിക്കോടിന്റെ ഐടി മുഖച്ഛായ തന്നെ മാറ്റിയെഴുതുന്നതാണ് ലുലുവിന്റെ കടന്നുവരവെന്ന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടന ചടങ്ങിൽചൂണ്ടികാട്ടിയിരുന്നു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ സാന്നിദ്ധ്യവും ആഗോള ഷോപ്പിങ്ങ് സാധ്യതയും ഐടി ജീവനക്കാർ ഉൾപ്പടെ യുവതലമുറയെ നഗരത്തിലേക്ക് ആകർഷിക്കുമെന്ന് മേയർ കൂട്ടിചേർത്തു. കോഫിഹൗസ് വർക്ക് സംസ്കാരമാണ് പുതിയ തലമുറ കൂടുതലും താൽപ്പര്യപ്പെടുന്നത്. ഐടി ടൂറിസം മേഖലയ്ക്ക് ഉണർവ് ലഭിക്കുന്നതോടെ ആഗോള കമ്പനികളുടെ കടന്നുവരവിനും നഗരത്തിന്റെ സമഗ്രവികസനവുമാണ് സാധ്യമാകുക എന്നും മേയർ വ്യക്തമാക്കി. ഹാപ്പിനെസ് ഇൻഡെക്സ് സൂചിക വർധിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് കരുത്തേകുന്നത് കൂടിയാണ് ലുലുവിന്റെ സാന്നിദ്ധ്യം.

കർഷകർക്കും കുടുംബശ്രീ കൂട്ടായ്മകൾക്കും ലുലു കൈത്താങ്ങേകുന്നുണ്ട്. കാർഷിക മേഖലയിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങി മികച്ച നിരക്ക് കർഷകർക്ക് ഉറപ്പാക്കുകയാണ് ലുലു. മലബാറിലെ കർഷകർക്ക് വലിയ സഹായമേകുന്നതാണ് ഈ നീക്കം. പോൾട്ടറി ഫാമുകൾക്കും വലിയ പിന്തുണയാണ് ലുലുവിന്റെ ചുവടുവയ്പ്പ്. കർഷകർക്ക് നല്ല നിരക്ക് ലഭ്യമാകുന്നതിനൊപ്പം മികച്ച ഉത്പന്നങ്ങൾ ഉപഭോക്താകൾക്കും കിട്ടുന്നു. ജൈവകൃഷിയെ പ്രത്സാഹിപ്പിക്കാനും ജൈവകർഷകർക്ക് കൈത്താങ്ങാകാനും ഓർഗാനിക് ഉത്പന്നങ്ങളുടെ പ്രത്യേക ശ്രേണിയും ലുലു ഉറപ്പാക്കിയിട്ടുണ്ട്. ഫ്രഷ് ഫാം ശേഖരമാണ് പച്ചക്കറി, പാൽ, പഴം ഉത്പന്നങ്ങൾക്കായുള്ളത്. കുടുംബശ്രീ ഉൾപ്പടെ പ്രദേശിക സംഘങ്ങൾക്ക് പിന്തുണ നൽകി പ്രത്യേക ഹോം മെയ്ഡ് ഉത്പന്നങ്ങളുടെ വിപണന ശ്രേണിയും ഒരുക്കുന്നുണ്ട്.

വിനോദസഞ്ചാര രംഗത്തും നവാധ്യായം തുറക്കുകയാണ് ലുലു. ലോകത്തെ വിവിധ രാജ്യങ്ങളിലായുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങളിലൂടെ ആഗോള ഉത്പന്നങ്ങൾ ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ട്. യുഎസ്സിലെ ആപ്പിൽ മുതൽ ആഫ്രിക്കയിലെ ഉത്പന്നങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു. മലബാർ രുചിക്കൊപ്പം ആഗോള വിഭവങ്ങളുടെ സ്വാദും ഏവർക്കും ആസ്വദിക്കാം. കുട്ടികളുടെ ഇൻഡോർ വിനോദ കേന്ദ്രമായ ഫൺടൂറ കുരുന്നുകളുടെ പ്രിയപ്പെട്ട ഇടമാകും .

പതിനായിരം സ്ക്വയർ ഫീറ്റിലുള്ള ഫൺടൂറ വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ വിനോദ കേന്ദ്രമാണ്. വിനോദസഞ്ചാര രംഗത്ത് മലബാറിന്റെ ആഗോള മുഖമാകും കോഴിക്കോട് ലുലു മാൾ. മിഠായി തെരുവിലും കാപ്പാട് ബീച്ചിലും പോകുന്നവർക്ക് ലോകോത്തര ഷോപ്പിങ്ങ് അനുഭവം ആസ്വദിക്കാൻ ലുലു മാളിലും എത്താതെ മടങ്ങാനാകില്ലല്ലോ. ഗസ്സലും രുചിഭേദങ്ങളും ഇഴുകിചേർന്ന മലബാറിന്റെ മണ്ണിൽ സൗഹൃദത്തിന്റെ കൂട്ടായ്മയുടെയും അടയാളമായി ലുലുവും ഇടം രേഖപ്പെടുത്തുന്നു. കൂടാതെ, ഓട്ടോ ടാക്സി ബസ് ജീവനകാർക്കും കൂടുതൽ വരുമാനത്തിന് വഴിതുറന്നിരിക്കുകയാണ് ലുലുവിന്റെ പുതിയ ഷോപ്പിങ് കേന്ദ്രം.

നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന സർക്കാർ പ്രഖ്യാപനത്തിന് നെടുംതൂണാകുന്നതാണ് ലുലുവിന്റെ പദ്ധതികൾ. കോഴിക്കോട് വലിയ മാളും അത്യാധുനിക ഹോട്ടലും ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉദ്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു. കോഴിക്കോടിന്റെ ആധുനിക വത്കരണത്തിലേക്കുള്ള ചുവടുവയ്പ്പെന്നാണ് പുതിയ മാളിനെക്കുറിച്ച് അദേഹം വിശേഷിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം പോലെ കോഴിക്കോടിന്റെയും സമഗ്ര വികസനത്തിനാണ് വഴിതുറന്നിരിക്കുന്നത്. വടക്കൻ കേരളത്തിന്റെ വികസനത്തിൽ പുതിയ അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്.