മതവിശ്വാസികൾക്കിടയിൽ സൗഹൃദം വർദ്ധിപ്പിക്കണം: ഡോ. ഹുസൈൻ മടവൂർ

Kottayam

കോട്ടയം: വിവിധ മതവിശ്വാസികൾക്കിടയിൽ സൗഹാർദ്ദവും സ്നേഹവും വർദ്ധിപ്പിക്കാൻ കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഗ്രേറ്റർ ഇന്ത്യാ മൂവ്മെൻ്റിൻ്റെയും ധർമ്മരാജ്യ വേദിയുടെയും ആഭിമുഖ്യത്തിൽ കോട്ടയം ക്രിസ്റ്റീൻ റീട്രീറ്റ് സെൻ്ററിൽ ആരംഭിച്ച ദ്വിദിന സർവ്വമത സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യർക്കിടയിൽ ഐക്യത്തിൻ്റെയും സഹകരണത്തിൻ്റെയും മേഖലകൾ ധാരാളമുണ്ട്. അവ കണ്ടെത്തി പ്രചരിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താൽ മനുഷ്യർക്കിടയിൽ പരസ്പര സ്നേഹവും ബഹുമാനവും വളർത്തിയെടുക്കാൻ സാധിക്കും. എല്ലാവരുടെയും ദൈവം ഒന്നാണ്. എല്ലാവരുടെയും ആദ്യ പിതാവും മാതാവും ഒന്നാണ്. മൂല്യങ്ങളും ധാർമ്മികതയും മുഴുവൻ മനുഷ്യരുടെയും പൊതുസ്വത്താണെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വേദഗ്രന്ഥങ്ങളും
വർഗ്ഗീയതക്കെതിരാണ്.

നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം എന്ന ഖുർആനിൻ്റെ പ്രഖ്യാപനം ബഹുസ്വര സമൂഹത്തിലെ മതജീവിതം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്നതായി ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. സ്വാമി ആചാര്യശ്രീ രചിച്ച Kingdom of God എന്ന പുസ്തകം ബിഷപ്പ് റവ. ജോഷ്വോ മാർ ഇഗ്നേഷ്യസ്, മാവേലിക്കര പ്രകാശനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം,ബിജു തോമസ്, ഡേവിസ് , ജാഫർ ഈരാറ്റുപേട്ട, പ്രൊഫ പി.ജെ തോമസ് തുടങ്ങിയവരും സംബന്ധിച്ചു.