മണിപ്പൂര്‍ സംഘര്‍ഷം സംഘപരിവാര്‍ സൃഷ്ടി: അനു ചാക്കോ

Kottayam

കോട്ടയം: മണിപ്പൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ സംഘപരിവാര്‍ സൃഷ്ടിയാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു. ഫാസിസ്റ്റ് ഭരണകൂടം ഒരു ജനതയെ എങ്ങനെയാണ് ഭിന്നിപ്പിക്കുക എന്നുള്ളതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മണിപ്പൂര്‍ സംഘര്‍ഷാവസ്ഥ. കപടമായ വികസനത്തിന്റെ പേര് പറഞ്ഞു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ച് ഭരണം സ്വന്തമാക്കിയവര്‍ ഒരു ജനതയെ എങ്ങനെയാണ് ഭിന്നിപ്പിക്കുക എന്നുള്ളതിന്റെ നേര്‍ സാക്ഷ്യമാണ് മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍. ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലെത്തിയവര്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടി കപട വികസന മുഖം കാണിച്ച് ഭരണം നേടിയിട്ട്, മുന്നോട്ടുപോകുവാന്‍ ശേഷിയില്ലാതെ ജനത്തെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് മണിപ്പൂര്‍ സംഘര്‍ഷങ്ങള്‍ ലോകത്തോട് പറയുന്നതെന്നും അവര്‍ പറഞ്ഞു.

54 മനുഷ്യ ജീവിതങ്ങള്‍ കൊലചെയ്യപ്പെട്ടു എന്നുള്ള വാര്‍ത്ത പുറത്തുവരുമ്പോള്‍ ഏറെ ആശങ്കയോടെയാണ് മണിപ്പൂരിലെ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയെ നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. മണിപ്പൂര്‍ ജനതയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ഇന്ന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഏതാണ്ട് എഴുപതോളം ദേവാലയങ്ങള്‍ എന്നുള്ള വാര്‍ത്തകള്‍ നമ്മെ ഞെട്ടിക്കുകയാണ്. മണിപ്പൂരിലെ ജനതയെ ഭിന്നിപ്പിച്ചുകൊണ്ട് ഫാസിസ്റ്റ് ഭരണ രീതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിവിടുവാനുള്ള സംഘപരിവാര്‍ അജണ്ട എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയുടെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥ പരിഹരിക്കുവാന്‍ എല്ലാവിധത്തിലുള്ള ആളുകളുടെയും പിന്തുണ ഉണ്ടാവണം.

മണിപ്പൂരില്‍ ആരംഭിച്ച ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥ മേഘാലയിലും നാഗാലാന്‍ഡിലേക്കും പടരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും നിസ്സംഗത ദുരൂഹമാണ്. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കുവാനുള്ള പോരാട്ട മുഖത്ത് എല്ലാതരത്തിലുള്ള ആളുകളുടെയും പിന്തുണ അനുചാക്കോ അഭ്യര്‍ത്ഥിച്ചു.

രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രകാരം 14 ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോട്ടയം ഗാന്ധി പ്രതിമയില്‍ സമാപിച്ചു. ഗാന്ധി പ്രതിമയില്‍ പ്രതിഷേധ പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു പഴയചിറ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ മുത്താലമുഴി, സജിത്ത്, രാഷ്ട്രീയ മഹിളാ ജനതാദള്‍ സംസ്ഥാന ജനറല്‍, സെക്രട്ടറി സിസിലി ബിജു, രാഷ്ട്രീയ കിസാന്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ടോമി ജോസഫ്, ജില്ലാ നേതാക്കളായ ഭരത് ബിജു, അനില്‍കുമാര്‍, പ്രിയന്‍, രാധാകൃഷ്ണന്‍, സോജി, ടോം ജോര്‍ജ്, രാമദാസ്, സോജന്‍ ഇല്ലി മൂട്ടില്‍, ജിമ്മി ജേക്കബ്, ജോസ് കല്ലും പുറത്ത്, ജിതിക പാല, ടോം ജോര്‍ജ്, അനീഷ് രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ്സ് ജഗദീഷ്, വൈസ് പ്രസിഡന്റ് അപ്പച്ചന്‍, പ്രദീപ്, ഷിഹാബുദീന്‍, ജിമ്മി ജേക്കബ്, ജോസ് പി ജോസഫ്, ജൂബി തോമസ്, ജിഷ എസ്സ് നായര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.