കലർപ്പില്ലാത്തസൗഹൃദത്തിന്റെ സംഗമവേദിയായി കാരുണ്യം വീട്

Kozhikode

എ.വി. ഫർദിസ്

സംഗീത ലോകത്തെ തമ്പുരാനായ കൈതപ്രത്തെ കാണാൻ ; കച്ചവട ലോകത്ത്
വേറിട്ട വഴിയിലൂടെ സുൽത്താനായ എം.എ യൂസഫലി യെത്തിയപ്പോൾ …..

കോഴിക്കോട് – അധികം കൂട്ടിമുട്ടാത്ത വ്യത്യസ്തമായ രണ്ട് മേഖലകളിൽ തങ്ങളുടേതായ സംഭാവനകളിലൂടെ ഭാരതത്തിൻ്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീക്ക് അർഹരായ രണ്ടു പേർ വർഷങ്ങൾക്കിപ്പുറം തങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിക്കുവാനായി വീണ്ടും കൂടിചേർന്നപ്പോൾ, അത് അപൂർവമായ സംഗമങ്ങളിലൊന്നായി മാറി.

തിരുവണ്ണൂരിലെ കാരുണ്യം വീട് അങ്ങനെ മറ്റൊരു അപ്രതീക്ഷിത കാഴ്ചക്ക് കൂടി വേദിയായി. തിരക്കുകൾക്കിടയിലും കോഴിക്കോടെത്തിയ ഉടനെ ആദ്യം ആഗ്രഹിച്ചതും തൻ്റെ പ്രിയമിത്രത്തെ കാണുവാൻ തന്നെയായിരുന്നു. അതിഥിയായെത്തിയ ഭാരതത്തിലെ കച്ചവട ലോകത്തെ സുൽത്താനെ വരികൾ കൊണ്ടും ശബ്ദം കൊണ്ടും ദൈവം അനുഗ്രഹിച്ച കൈതപ്രം സ്വീകരിച്ചു. കുറെക്കാലത്തിനു ശേഷം കണ്ടപ്പോഴുള്ള ഉപചാര വാക്കുകൾക്ക് ശേഷം, താൻ രചിച്ച ലുലുവിനുള്ള സ്വാഗതം ഗാനം കേൾക്കുവാൻ യൂസുഫലിയെ കൈതപ്രം ക്ഷണിച്ചു. കൈതപ്രത്തിൻ്റെ ശിഷ്യർ അത് ഏറ്റുപാടിയത് മനംനിറഞ്ഞ് കേട്ടിരുന്നുശേഷം എം.എ യൂസഫലി.. പിന്നാലെ തനിക്ക് ഇഷ്ടപെട്ടവരെ കാണുവാൻ പോകുമ്പോൾ കരുതാറുള്ളതുപോലെ പ്രിയസുഹൃത്തിന് കൈയ്യിൽ കരുതിയ മുത്ത് പതിച്ച സഫ്ടിക ശിൽപ്പം അദ്ദേഹം സമ്മാനിച്ചു.

കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന തിരക്കുകൾക്കിടയിലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വീട് എം.എ യൂസഫലി സന്ദർശിച്ചത്. മികച്ച സുഹൃദ്ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. പ്രായത്തിൽ അനുജനാണെങ്കിലും സ്നേഹവും ബഹുമാനവും കൊണ്ട് ഇക്കയെന്നാണ് യൂസഫലിയെ കൈതപ്രം ദാമോദരൻ നമ്പൂതിരി വിളിച്ചത്.
കോഴിക്കോട് എത്തിയ ഉടനെ തന്നെ നേരിൽ കാണാൻ യൂസഫലി എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ലുലു കോഴിക്കോട് തുറക്കുന്നുവെന്ന് അറിഞ്ഞപ്പോൾ സ്വന്തം കുടുംബത്തിൽ ഒരു വലിയ സന്തോഷം നടക്കുവാൻ പോകുന്നതു പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് കൈതപ്രം കൂട്ടിചേർത്തു. ഭൗതികമായ എല്ലാ അനുഗ്രഹങ്ങളും ലോക നിയന്താവ്
വാരിക്കോരി നല്കിയപ്പോഴും അത് തിരിച്ചറിഞ്ഞ് എല്ലാ ആ നാഥൻ്റേതാണെന്ന തിരിച്ചറിവ് കൈവിടാത്ത വലിയ മതേതര ബോധമുള്ള വ്യക്തിത്വമാണ് എം.എ യൂസഫലിയെന്ന് കൈതപ്രം പറഞ്ഞു.

പ്രിയസുഹൃത്തിന് പരിശുദ്ധമായ മുത്താണ് എം.എ യൂസഫലി സമ്മാനിച്ചത്.
മഴനീർ തുള്ളിയെ മുത്തായി മാറ്റും നന്മണിചിപ്പിയെ പോലെ എന്ന തന്റെ ഗാനം ഉപമിച്ചാണ് കൈതപ്രം നമ്പൂതിരി സുഹൃത്തിന്റെ സമ്മാനം ഏറ്റുവാങ്ങിയത്. മഴത്തുള്ളിയുടെ തപസ് പോലെ യൂസഫലിയുടെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് ലുലുവിന്റെ വിജയമെന്നും സമ്മാനം അലമാരയിൽ മാത്രമല്ല എൻ്റെ ഹൃദയത്തിൽ കൂടി സൂക്ഷിക്കുമെന്നും സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് കൈതപ്രം നമ്പൂതിരി സന്തോഷാശ്രുക്കൾക്കിടയിൽ പ്രതികരിച്ചു. ജീവിതതതിലെ എണ്ണപ്പെട്ട നിമിഷമായി ഈ കൂടിക്കാഴ്ചയെ കണക്കാക്കുന്നുവെന്നും അദേഹം കൂട്ടിചേർത്തു. ഏറെ നേരെ കൈതപ്രം നമ്പൂതിരിക്കും കുടുംബത്തിനൊപ്പം വിശേഷങ്ങൾ പങ്കിട്ട ശേഷമാണ് യൂസഫലി കാരുണ്യം വീട്ടിൽ നിന്ന് മടങ്ങിയത്.