വയനാട് ദുരന്തം, കേന്ദ്രത്തിന്‍റേത് ക്രൂരമായ നിലപാട്: ഇസ്കഫ്

Wayanad

കല്പറ്റ : വയനാട്ടിലെ ദുരന്ത ബാധിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട് അത്യന്തം ക്രൂരവും നിന്ദ്യവും ആണെന്ന്    ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ കുറ്റപ്പെടുത്തി.

മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച ഇസ്കഫ് പ്രതിനിധി സംഘം
വിവിധ മേഖലകളിലുള്ള ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദുരന്തം പ്രത്യക്ഷത്തിൽ ബാധിച്ചത് മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെ മാത്രം ആണെങ്കിലും ദുരന്തത്തിൻ്റെ വ്യാപ്തി വയനാട് ജില്ലയെ ആകെ സാമൂഹ്യവും സാമ്പത്തികവും ആയി ഉലച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാർ അതിജീവനത്തിനുള്ള താല്ക്കാലിക സംവിധാനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്. എന്നാൽ ഒരു ജനതയുടെ നിഴൽ വീണ ഭാവി ജീവിതത്തെ വീണ്ടെടുക്കുന്നതിന് കോടിക്കണക്കിന് രൂപ വയനാട് ചെലവഴിക്കേണ്ടിയിരിക്കുന്നു. അതിന് കേന്ദ്ര സഹായം കൂടിയെ തീരൂ.

ടൂറിസവും കൃഷിയും മുഖ്യ വരുമാനമായുള്ള മേഖലയിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തത് വയനാടിൻ്റെ പ്രധാന സാമ്പത്തിക സ്രോതസ് അടയ്ക്കുന്നതിന് തുല്യമാണ്. ദുരന്തം ഉണ്ടായിട്ട് 50 ദിവസം ആവുകയാണ്.

ഒറ്റരാത്രി കൊണ്ട് 231 മനുഷ്യർ ഇല്ലാതായി. എൺപതോളം ആളുകളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണക്കുകൾ പ്രകാരം 498 വീടുകളും  ഏക്കർ കണക്കിന് കൃഷിയിടങ്ങളും റോഡുകളും ഒലിച്ച് പോയി. 240 വീടുകൾ വാസയോഗ്യമല്ലാതായി.
ദുരന്തത്തിൻ്റെ വ്യാപ്തി പ്രധാനമന്ത്രിയും കേന്ദ്ര സംഘവും സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതാണ്.

രാജ്യത്തെ അവികിസിതമായ 112 ജില്ലകളെ വികസനത്തിലേക്ക് നയിക്കാൻ പ്രധാനമന്ത്രിയുടെ കീഴിൽ 2018 ൽ രൂപീകരിച്ച ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക ജില്ല കൂടിയാണ് വയനാട് എന്ന പ്രത്യേകത കൂടി നിലനിൽക്കുന്നു.

ഗതാഗത സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളുടെയും അപര്യാപ്തത നേരിടുന്ന ജില്ലയാണ് വയനാട്. എന്നിട്ടും നാളിതുവരെ നയാ പൈസയുടെ അടിയന്തിര സാമ്പത്തിക സഹായം നൽകാനോ പ്രഖ്യാപിക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് അത്യന്തം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്.

വയനാട് ദുരന്തത്തിന് ശേഷം പ്രളയക്കെടുതി നേരിട്ട ആന്ധ്രാപ്രദേശിനും തെലുങ്കാനയ്ക്കും 3448 കോടി രൂപയുടെ അടിയന്തിര സഹായവും, ത്രിപുരക്ക് 40 കോടി രൂപയുടെ സഹായവുമാണ് കേന്ദ്രം നൽകിയത്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് കേരളത്തോട് കാണിക്കുന്ന ഈ കടുത്ത വിവേചനത്തെ സംഘടിതമായി തുറന്ന് കാണിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരും മാധ്യമങ്ങളും പൊതു സമൂഹവും കടമയായി ഏറ്റെടുക്കണമെന്ന് ഇസ്കഫ് ആവശ്യപ്പെട്ടു.

ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ്റെ നേതൃത്വത്തിൽ ദുരന്തമേഖലകൾ സന്ദർശിച്ച സംഘത്തിൽ സംസ്ഥാന സെക്രട്ടറി പ്രിൻസ് മാത്യൂ , സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.സി. സതീഷൻ, ദേശീയ കൗൺസിലംഗം എസ്. ഹസൻ,
സംസ്ഥാന കൗൺസിൽ അംഗം രാജേഷ് രാജൻ, വയനാട് ജില്ലാ പ്രസിഡൻ്റ് ഷാജി ബത്തേരി , സെക്രട്ടറി  വിനു ഐസക്ക്, ജില്ലാ ട്രഷറർ അഷറഫ് തയ്യിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് അനീഷ് ചിരാൽ, ജില്ലാ കമ്മറ്റി അംഗം ജോർജ് മടയക്കൽ
എന്നിവർ അംഗങ്ങളായിരുന്നു.