സ്ത്രീകള്‍ ധീരമായി കലാരംഗത്തേക്ക് വരണം: നിലമ്പൂര്‍ ആയിഷ

Malappuram

കൊണ്ടോട്ടി: ഞങ്ങളുടെ കാലത്തുള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും കലാരംഗത്തേക്ക് കടന്നുവരുന്നതിനുള്ള സ്ത്രീകളുടെ വിമുഖത ഇപ്പോഴും തുടരുന്നുണ്ടെന്നും ധീരമായി കലാരംഗത്തേക്ക് വന്ന് സ്ത്രീകള്‍ സ്വന്തം ജീവിതത്തെ ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച ”കുട്ടിക്കുപ്പായം” സിനിമയുടെ 60-ാം വാര്‍ഷികം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സിനിമയിലെ അഭിനേത്രി കൂടിയായ നിലമ്പൂര്‍ ആയിഷ.

അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകനും ”കുട്ടിക്കുപ്പായം” സിനിമയുടെ തിരക്കഥാകൃത്ത് മൊയ്തു പടിയത്തിന്റെ മകനുമായ സിദ്ദീഖ് സമീര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ബാബു, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ഫൈസല്‍ എളേറ്റില്‍, ബാപ്പു വാവാട്, സിദ്ദീഖ് താമരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

ഉച്ചക്ക് ”കുട്ടിക്കുപ്പായം” അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തിനുശേഷം കുട്ടിക്കുപ്പായം സിനിമയിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇശലിമ്പം ഗാനമേള അരങ്ങേറി.

ഒക്‌ടോബര്‍ 2 മുതല്‍ 6 വരെയുള്ള എല്ലാ ദിവസവും അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ രാവിലെ 10.30, ഉച്ചക്ക് 2.30 വൈകിട്ട് 6-മണി എന്നിങ്ങനെ 3 സമയങ്ങളില്‍ കുട്ടിക്കുപ്പായം സിനിമ പ്രദര്‍ശിപ്പിക്കും. മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്ന സംഘങ്ങള്‍ക്കുവേണ്ടിയാണ് പ്രദര്‍ശനം നടത്തുക. ഒരു പ്രദര്‍ശനത്തിന് 25 വരെ അംഗങ്ങളുള്ള ഒരു സംഘത്തിന് 500 രൂപയാണ് നിരക്ക്. ഒരു പ്രദര്‍ശനത്തിന് രണ്ട് സംഘങ്ങളിലായി അമ്പത് പേര്‍ക്ക് വരെ പ്രവേശനം ലഭിക്കും. ബുക്കിങ്ങിന് 9961 550 578 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.