കവിത / നാസിര്‍ പാലൂര്‍
ഇന്നത്തെ
സൂര്യോദയവും
കഴിഞ്ഞ്
അമ്മ
ദുഖത്തില്‍
ഇലയില്‍ വ്യഥയുടെ
പാഥേയം വിളമ്പിവച്ചു.
തീരാത്ത
കണ്ണീര്‍പൂക്കള്‍
കോര്‍ത്ത
അത്തപ്പൂക്കളവും
ഒലിച്ചുപോയ്.
അഷ്ടിക്കുകഷ്ടമാം
ഓട്ടക്കലത്തില്‍ ഓണമുണ്ണാന്‍
കുചേലനാം
താതന്‍ മകനേയും
തേടി തകര്‍ന്ന
പാഴ് ഭൂമിയില്‍
കാലുതാഴ്ന്നു പോയ്
മകനെ
നിന്നെ പൊതിഞ്ഞ
ഭൂമിയില്‍
നിന്‍റെ ആത്മാവിന്‍റെ
നെറുകയിലാണോ
ഞാന്‍ കാല്‍വെച്ചന്നു
അച്ഛന്‍ വിലപിച്ചു.
ഇന്നത്തെ
സന്ധ്യയും കഴിഞ്ഞു
അമ്മ
പ്രതീക്ഷയുടെ
ഇലനിരത്തി
നിദ്രാവിഹീനയായ്
കാത്തിരിപ്പായി