മലയാള സിനിമയിലെ രാഷ്ട്രീയ മീം മാംസ

Cinema Magazine

രഘു ചാലിയാര്‍

സിനിമയെ എന്നും മറ്റു കലകളില്‍ വ്യത്യസ്തമാക്കുന്നതും ജനകീയമാക്കുന്നതും വളരെ പെട്ടെന്ന് ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് ചലച്ചിത്രത്തിന് എത്താന്‍ കഴിയുന്നുവെന്നതു കൊണ്ടാണ്. എന്നാല്‍ ലോകസിനിമയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ എന്നും രാഷ്ട്രീയത്തിന്റെ ഇടപെടല്‍ കാണാം. സിനിമാ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ജനങ്ങളില്‍ എത്തുന്നത് വരെ അത് സംവിധായകന്റെയോ എഴുത്തുകാരന്റെയോ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും മാത്രമാണ്. യൂറോപ്പിലും അമേരിക്കയിലും ലണ്ടനില്‍ നിന്നുമൊക്കെ പിച്ചവച്ച് തുടങ്ങി ലോകത്തെ ബഹുഭൂരിപക്ഷം മനുഷ്യമനസ്സുകളിലും വിനോദത്തിന്റെ അവസാന വാക്കായി സിനിമ ഇന്ന് മാറിയിരിക്കുന്നു. നാടകം എന്ന രംഗകലയില്‍ നിന്ന് തുടങ്ങിവച്ച് അനന്ത സാധ്യതകളുള്ള ദൃശ്യകല എന്ന നിലയിലെത്തിയ അവസ്ഥയിലാണ് ഇന്ന് സിനിമ.

ഓരോ സമയത്തും ഭരണാധികാരികളെ സഹായിക്കുക മാത്രമല്ല കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് സിനിമ, അക്കാരണം കൊണ്ട് തന്നെ നിരോധിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്ത നിരവധി സിനിമകളും ഡോക്യുമെന്‍ റികളും ഉണ്ട് . റഷ്യയിലെ മികച്ച സംവിധായകരായ ഐസന്‍സ്റ്റിനും ആന്ദ്രേ തര്‍ക്കോ വിസ്‌കി എന്നിവര്‍ ഉത്തമ ഉദാഹരണങ്ങളാണ്. സോവിയറ്റ് ഭരണകൂടങ്ങളെ പിന്തുണച്ചും
പുകഴ്ത്തിയും ഐസന്‍സ്റ്റീന്‍ നിലകൊണ്ടപ്പോള്‍ ശക്തമായ രീതിയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിമര്‍ശിച്ചാണ് തര്‍ക്കോവിസ്‌കി മുന്നോട്ടുപോയത്. അക്കാരണം കൊണ്ട് തന്നെ പല പ്രൊജക്ടുകളും അദ്ദേഹത്തിന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്.

പൂര്‍ത്തീകരിച്ച സിനിമകള്‍ക്കാകട്ടെ വര്‍ഷങ്ങളോളം അനുമതിയും ലഭിച്ചിട്ടില്ലായിരുന്നു. ഫ്രിക്‌സ് ലാങ്ങ് എന്ന ജര്‍മ്മന്‍ സംവിധായകന്‍ നാസികള്‍ക്കെതിരായി എടുത്ത സിനിമ നിരോധിക്കുകയും അയാളുടെ പ്രതിഭയെ തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാന്‍ ഗീബല്‍സ് തീരുമാനിക്കുകയുമുണ്ടായി. പക്ഷേ ലാംഗ് അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവം പ്രകടിപ്പിച്ച ചാര്‍ലി ചാപ്ലിനെ നാടുകടത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ കഥയും ഒട്ടും വ്യത്യസ്തമല്ല സിനിമയുടെ പൂര്‍വ്വകാല ചരിത്രം തീര്‍ത്തും രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായിരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്.

സിനിമ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈയടുത്തെ കാലത്ത് മലയാള സിനിമയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു കാണുകയാണ്. അവിടെയാണ് മലയാള സിനിമയുടെ രാഷ്ട്രീയ മീമാംസയെക്കുറിച്ച് നമ്മള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടത്. വളരെ സാധാരണമായ ഒരു സബ്ജക്ട് ആയിരുന്നു ഉണ്ണിമുകുന്ദന്റെ മാളികപ്പുറം എന്ന സിനിമ. ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍. ക്രൌഡ് പുള്ളിംഗ് ഉണ്ടാക്കാനുള്ള എക്‌സ്ട്രാ ഓര്‍ഡിനറി എലിമെന്‍സോ ഒന്നും ഈ സിനിമയുടെ തിരക്കഥയിലോ മേക്കിങ് ലോ ഇല്ല. തീര്‍ത്തും സാധാരണമായ ഒരു സിനിമ എങ്ങനെയാണ് ഇത്രയും വലിയ ഒരു സാമ്പത്തിക വിജയം കൈവരിച്ച് എന്നുള്ളതിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴാണ് സിനിമയുടെ രാഷ്ട്രീയം നമുക്ക് വ്യക്തമാകുന്നത്. കേരളത്തില്‍ എന്നും ചൂടപ്പം പോലെ വിറ്റ ഒന്നായിരുന്നു വിപ്ലവം. കേരളത്തിന്റെ രാഷ്ട്രീയ രംഗവും മലയാളമനസ്സും ഇതിന് അനുകൂലമായ ഒരു ഘടകമായിരുന്നു. പക്ഷേ ഇപ്പോള്‍ കുറേക്കാലമായി വിപ്ലവ സിനിമകളെ പാര്‍ട്ടി അനുഭാവികള്‍ പോലും വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ അത്തരം സിനിമകള്‍ എടുക്കാനുള്ള താല്പര്യം ഇടതുപക്ഷ സിനിമ പ്രവര്‍ത്തകര്‍ പോലും കാണിക്കുന്നില്ല.

വിപ്ലവ സിനിമകള്‍ ഇനി കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കുമോ എന്ന സംശയം ഇടതുപക്ഷ അനുഭാവമുള്ള കലാകാരന്മാര്‍ക്ക് പോലും ഉണ്ട് എന്നാണ് ഇത് കാണിച്ചു തരുന്നത്. ഇവിടെയാണ് മാളികപ്പുറം എന്ന സിനിമയുടെ വിജയവും അതിലേക്ക് നയിച്ച ചില രാഷ്ട്രീയ ഇടപെടലുകളും നാം കുട്ടി വായിക്കേണ്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പാര്‍ട്ടി അനുഭാവികളായ ഹൈന്ദവ സമൂഹം പോലും ഒരു സന്ദര്‍ഭത്തില്‍ ഭൂരിപക്ഷ സമുദായത്തിന്റെ, സമൂഹത്തിന്റെ വിശ്വാസങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ല എന്ന രീതിയില്‍ ചിന്തിച്ചിരുന്നു. ജനാധിപത്യരീതിയിലുള്ള ഒരു മധുര പ്രതികാരത്തിന് അവസരം കാത്തിരുന്ന ഭക്തര്‍ക്ക് മുന്നിലേക്ക് വീണുകിട്ടിയ സുവര്‍ണാവസരം തന്നെയായിരുന്നു മാളികപ്പുറം എന്ന ടൈറ്റില്‍.

ജനിച്ച് ഇന്ന് വരെ സിനിമ കാണാത്ത അമ്മൂമ്മമാര്‍ വരെ ശരണം വിളിച്ചുകൊണ്ട് അങ്ങനെ തീയേറ്ററില്‍ കയറി. ഇതിനിടയിലാണ് തന്റെ രാഷ്ട്രീയനയം വ്യക്തമാക്കി കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ നിലപാടുകളും പുറത്തു വരുന്നത്. അങ്ങനെ ഓരോ തീയേറ്ററും അക്ഷരാര്‍ത്ഥത്തില്‍ ഭക്തന്മാര്‍ സന്നിധാനം ആക്കി മാറ്റുകയാണ് ഉണ്ടായത്. ഒരു നോര്‍മല്‍ സബ്ജക്റ്റ് ഇത്രയും തിയേറ്ററില്‍ ഓളം ഉണ്ടാക്കിയെങ്കില്‍ ഇനിയങ്ങോട്ട് കേരള രാഷ്ട്രീയ സാമൂഹ്യരംഗം ഒന്ന് കരുതിയിരിക്കേണ്ടതാണ്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പഴയ അലി അക്ബര്‍ എന്ന രാമ സിംഹന്‍ എന്ന സംവിധായകന്റെ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഇപ്പോള്‍ പറഞ്ഞുവെക്കുന്ന ചരിത്രം.

ചില പ്രത്യേക താല്പര്യങ്ങളോടെ ഈ വിഷയത്തെ സമീപിച്ച ചിലരുടെ പുസ്തകങ്ങള്‍ റഫര്‍ ചെയ്തിട്ടാണ് സിനിമ നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്നുണ്ട്. ഇത് ഒരു എക്‌സ്ട്രാ ഓര്‍ഡിനറി സബ്ജക്ട് ഒന്നുമല്ല. ഒരു ഹിസ്റ്ററിക്കല്‍ സബ്ജക്ട് എന്നതിനപ്പുറത്തേക്ക് ഇത്രമാത്രം ഹൈപ്പ് കൊടുക്കേണ്ട ഘടകങ്ങള്‍ ഒന്നും തന്നെ സിനിമയിലും കാണുന്നില്ല എന്നിട്ട് പോലും ഇത്തരം സിനിമകള്‍ക്ക് കേരളത്തില്‍
സ്വാധീനം കിട്ടുകയും ആ സിനിമയൊക്കെ വിജയിപ്പിക്കാന്‍ ചില ആളുകള്‍ രംഗത്തെത്തുകയും ചെയ്യുന്നതുതന്നെ നാം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും കലാസംസ്‌കാരിക രംഗത്തെ ഈ വലിയ കടന്നുകയറ്റം ഇന്ന് വരെ നടത്താതിരുന്ന സംഘപരിവാര്‍ സംഘടനകള്‍ പുതിയ സാമൂഹിക രാഷ്ട്രീയം എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാം എന്നുള്ളതിനെ പറ്റി കൃത്യമായിട്ട് മനസ്സിലാക്കിയിരിക്കുന്നു.
വര്‍ഷങ്ങളോളം അവഗണനയില്‍ പെട്ടിരിക്കുന്ന ഇടതുപക്ഷ അനുഭാവമുള്ള കലാകാരന്മാരെ പാര്‍ട്ടി അവഗണിക്കുന്നതുകൊണ്ടുതന്നെ പലരും മാറ്റത്തിന്റെ വഴിയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു താരം സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വളരെ സീനിയറായ ആ കലാകാരന്‍ എടുത്ത തീരുമാനം അദ്ദേഹത്തെ ഇന്ന് കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അമരസ്ഥാനത്ത് എത്തിച്ചിരിക്കുന്നു. അതുപോലെ ഇടതുപക്ഷ മനസ്സുള്ള അനുഭാവമുള്ള ഒട്ടനവധി കലാകാരന്മാരും സംഘപരിവാര്‍ അനുകൂല സിനിമകള്‍ എടുക്കുന്നതിനും താല്‍പര്യം പ്രകടിപ്പിക്കാനും സാധ്യത കൂടുതലാണ്.

കുറച്ചുകാലത്തേക്ക് മലയാളത്തില്‍ ഇനി സംഘപരിവാര്‍ സിനിമകള്‍ സജീവിമാകുന്ന ഒരു കാലം വിദൂരമല്ല. സംഗതി എന്തായാലും ഒരു ടെക്‌നീഷ്യന്‍ എന്ന രീതിയില്‍ അതിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതിലൂടെ രക്ഷപ്പെട്ടുപോകുന്ന ഒരുപാട് സിനിമാ തൊഴിലാളികളുടെ കുടുംബമുണ്ട്. ഇതൊരു പൊളിറ്റിക്കല്‍ സ്ട്രാറ്റജിയായി സിനിമ എന്ന മീഡിയയെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കട്ടെ. കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിനിമയിലൂടെ അവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തട്ടെ. അത്തരം കാര്യങ്ങളുമായിട്ട് മുന്നോട്ടുപോകാന്‍ സിനിമയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം സിനിമകള്‍ നിരന്തരമായി ഉണ്ടായി വരട്ടെ. അതിലൂടെ എന്നെപ്പോലുള്ള ടെക്‌നീഷ്യന്മാര്‍ക്കും അവരുടെ കുടുംബത്തിനും ജീവിതമാര്‍ഗമായി മാറട്ടെ എന്നാശംസിച്ചുകൊണ്ട് രാഷ്ട്രീയ മീമാംസ ചര്‍ച്ച നമുക്ക് തുടങ്ങിവെക്കാം എന്നു മാത്രം പറയട്ടെ.

(സംവിധായകനും നടനുമാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *