ഐ എന്‍ ടി യു സി സ്ഥാപിതമായിട്ട് 75 വര്‍ഷം; സംഘടനയുടെ നിലനില്‍പ്പ് കാലഘട്ടത്തിന്‍റെ ആവശ്യം

Magazine

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ആര്‍ ചന്ദ്രശേഖര്‍
ഐ എന്‍ ടി യു സി എന്ന സംഘടന സ്ഥാപിതമായിട്ട് 75 വര്‍ഷങ്ങള്‍ തികയുകയാണ്. 1947 മെയ് മാസം മൂന്നാം തീയതി, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത്തിനു മുമ്പ് തന്നെ രൂപീകൃതമായ ഈ ദേശീയ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന, എല്ലാ തലങ്ങളിലും കോണ്‍ഗ്രസ്സുമായ് ബന്ധപ്പെട്ട് പോകുന്നതും ഇന്ത്യയിലെ തൊഴിലാളി മേഖലകളില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ത്ത് നിര്‍ത്തി സ്വതന്ത്രമായ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തികച്ചും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നഒരു തൊഴിലാളി പ്രസ്ഥാനമാണ്.

ഐ എല്‍ ഒ( ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) സ്ഥാപിതമാകുമ്പോള്‍ മുതല്‍ സ്ഥിരമായി അതില്‍ പങ്കെടുത്തുകൊണ്ട് അന്തര്‍ദേശീയ മേഖലകളിലെ ട്രെഡ് യൂണിയന്‍ ഫെഡറേഷനുകളുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് ഐ എന്‍ ടി യു സി. 4 കോടിയിലധികം മെമ്പര്‍ ഷിപ്പ് ഉള്ള ഈ സംഘടനയെ ഐ എല്‍ ഒ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ പ്രസ്ഥാനം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് നീണ്ട 10 വര്‍ഷക്കാലത്തോളം പുറത്തു നില്‍ക്കേണ്ടിവരുന്ന ആദ്യത്തെ സാഹചര്യം, രാജ്യത്ത് ഉണ്ടായിട്ടുള്ള ഗവണ്‍മെന്റുകള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവര്‍ ഇന്ത്യയിലെ തൊഴിലാളികളെ സ്‌നേഹിച്ചു നെഞ്ചോട് ചേര്‍ത്ത ചരിത്രം നമുക്ക് അറിവുള്ളതാണ്. തൊഴിലാളികള്‍ പണിയെടുക്കുന്ന ഓരോ മേഖലയിലും അവര്‍ക്ക് വേണ്ട അവകാശ അധികാരങ്ങള്‍ നല്‍കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തി സംരക്ഷണ കവചം തീര്‍ത്തുകൊണ്ട് ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കോണ്‍ഗ്രസ് എന്നും തയ്യാറായിട്ടുണ്ട്.

കാലാകാലങ്ങളിലായി അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റുകള്‍ അന്നത്തെ സാഹചര്യങ്ങള്‍ വെച്ചുകൊണ്ട് സാമ്പത്തിക വ്യാപാര വ്യവസായ വാണിജ്യ മേഖലകളിലും ഉത്പാദന മേഖലകളിലും ഒക്കെ വരുത്തുന്ന മാറ്റങ്ങള്‍ തൊഴിലാളി സംഘടനകളെയും ബാധിക്കാറുണ്ട്. എന്നാല്‍ ദേശ വ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍, ഈ രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് പരമാവധി തൊഴില്‍ ചെയ്തുകൊണ്ട് അര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുക എന്ന ഒരു സിദ്ധാന്തമാണ് ഐ എന്‍ ടി യു സി എന്നും കര്‍ശനമായി പാലിച്ചു പോകുന്നത്. അന്തരിച്ചു പോയ ഐ എന്‍ ടി യു സി മുന്‍ ദേശിയ പ്രസിഡന്റും ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഏറെ ബഹുമാനത്തോടെ എന്നും ഓര്‍ക്കുന്ന ജി രാമാനുജം അവര്‍കള്‍ എഴുതിയ ഹണീബി എന്ന പുസ്തകം മേല്‍പ്പറഞ്ഞ സിദ്ധാന്തത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ്.

ഒരു പൂവില്‍ നിന്നും തേനീച്ച തേന്‍ ശേഖരിക്കുന്നതുപോലെ തങ്ങള്‍ ജോലിചെയ്യുന്ന മേഖലയിലും തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനും ക്ഷീണം തട്ടാതെ അതിന്റെ പ്രവര്‍ത്തനങ്ങളെ നിലനിര്‍ത്തിക്കൊണ്ട്, ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള കാര്യ വിവരങ്ങള്‍ ശേഖരിച്ച്, ഉത്തരവാദിത്വത്തോടെ ഇടപെട്ട് കൊണ്ട് കൂടുതല്‍ ലാഭകരമാക്കി മാറ്റുവാനും അതിന് ആനുപാതികമായി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതിനും വേണ്ട നിലപാടുകള്‍ എടുത്തിട്ടുള്ള പ്രസ്ഥാനമാണ് ഐ എന്‍ ടി യു സി. സ്ഥാപനങ്ങള്‍ക്ക് ദോഷം വരാതെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കണം എന്ന രാമാനുജത്തിന്റെ സിദ്ധാന്തത്തെ അടിയുറച്ച് വിശ്വസിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ടു പോകുന്നത്.

മാത്രവുമല്ല ഈ ആഗോളവല്‍ക്കരണം ഉദാര വല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ വന്നതിനു ശേഷം വലിയ വെല്ലുവിളികളാണ് ട്രേഡ് യൂണിയന്‍ രംഗത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേരിടുന്നത്. ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകളും രാജ്യാന്തര മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം നമ്മുടെ ഉല്‍പ്പന്നങ്ങള്‍ മത്സരിക്കേണ്ടി വരുന്ന സാഹചര്യങ്ങളും മോണോപോളി ബിസിനസ് ആയി ഉണ്ടായിരുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കേണ്ടി വരുന്നതും ഓരോ സ്ഥാപനങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള ബി എച്ച് ഇ എല്‍, എന്‍ ടി പി സി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ പോലും പലപ്പോഴും ഈ വെല്ലുവിളികളുടെ മുമ്പില്‍ പതറി പോകുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവര്‍ക്ക് വാഗ്ദാനം ചെയ്ത പരിരക്ഷ ഉറപ്പ് വരുത്തുവാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമീപനം പോലെ മറ്റു ഗവണ്‍മെന്റുകള്‍ നില്‍ക്കുന്നില്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത.

യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തെ നന്നാക്കാന്‍ വന്നുവെന്ന് പറഞ്ഞ ബി ജെ പി സര്‍ക്കാര്‍, പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളെ നശിപ്പിക്കാനുള്ള നിലപാടുകളുമായ് മുന്നോട്ടുപോകുന്നു. എല്ലാ തൊഴില്‍ നിയമങ്ങളും പൊളിച്ചു മാറ്റി നാല് ലേബര്‍ കോഡുകള്‍ കൊണ്ടുവരുന്നു. ആ ലേബര്‍ കോഡുകള്‍ ഒരിക്കലും സ്വീകരിക്കാന്‍ കഴിയുന്നതല്ല എന്ന് എല്ലാ സംഘടനകളും ഒറ്റക്കെട്ടായി അതിശക്തമായി വാദിച്ചുകൊണ്ടിരിക്കുമ്പോള്‍ ബി ജെ പി യോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ബി എം എസ് പോലും പുതിയ ലേബര്‍ കോഡിനെ അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് എടുത്തു. ഈ രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക സ്രോതസ്സുകളായ പൊതുമേഖല സ്ഥാപനങ്ങളെയും ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ഒക്കെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന നീക്കങ്ങള്‍ തൊഴിലാളികളിലും സാധാരണക്കാരിലും ഏറെ ഭയം ഉണ്ടാക്കുന്ന സാഹചര്യമാണ് ഇത്തരം നയങ്ങള്‍ എല്ലാ സ്ഥാപനങ്ങളുടെയും തകര്‍ച്ചയിലാകും അവസാനിക്കുക, ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ പോലും അന്തര്‍ദേശീയ മേഖലയില്‍ വില്പനയ്ക്ക് വെച്ചാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഈ രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കും എന്നുള്ളത് ഇക്കൂട്ടര്‍ ബോധപൂര്‍വ്വം മറക്കുന്നു.

ഇത്തരം സാഹചര്യത്തില്‍, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്വഭാവവും ജനാധിപത്യ സ്വഭാവവും എല്ലാം മുതലെടുത്തുകൊണ്ട് ചില താല്‍പരകക്ഷികള്‍, പണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിനെ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ജയിലുകളില്‍ പോയപ്പോള്‍, തക്കം പാര്‍ത്തിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അത് കയ്യടക്കിയപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളെ മുതലെടുത്തുകൊണ്ട് ചില തല്‍പ്പരകക്ഷികള്‍ കാലങ്ങളായി ഐ എന്‍ ടി യു സിക്ക് ബദലായി പല മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു. വ്യക്തമായ ജനാധിപത്യ ബോധമോ രാഷ്ട്രീയ ബോധമോ രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രതിസന്ധികള്‍ ചിന്തിക്കാതെയും ഓരോ മേഖലയിലും രണ്ടും മൂന്നും യൂണിയനുകളായി തിരിഞ്ഞ് ഓരോ കോണ്‍ഗ്രസ് നേതാവിന് തോന്നിയത് പോലെ ഏതെങ്കിലും ഒരു യൂണിയന്റെ നേതാവായി നില്‍ക്കുന്ന സാഹചര്യം ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിനുശേഷം ഇന്ത്യയില്‍ കൂടുതലായ് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. എപ്പോഴും ഒരു സ്ഥാപനത്തില്‍ ഒറ്റ യൂണിയന്‍ ഒരു മേഖലയില്‍ ഒരു യൂണിയന്‍ എന്ന സിദ്ധാന്തം ഐ എന്‍ ടി യു സി അംഗീകരിച്ചു പോകേണ്ടത് തന്നെയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് എന്ന് പറയും പോലെ ഓരോ നേതാക്കളും ഓരോ യൂണിയനുകള്‍ ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ ഒരുതരത്തിന് നമുക്ക് അതിനോട് യോജിച്ചു മുന്നോട്ട് പോകാന്‍ കഴിയില്ല, അവിടെ തകരുന്നത് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പും ഐക്യവുമാണ്.

2007ന് ശേഷമുള്ള കാലഘട്ടത്തില്‍ കേരളത്തില്‍, കേന്ദ്ര ഐ എന്‍ ടി സിയുടെ പൂര്‍ണ്ണ അംഗീകാരത്തോടെയുള്ള നിയമാവലികള്‍ക്കനുസരിച്ചും അതിനു വേണ്ടുന്ന നടപടിക്രമങ്ങളിലൂടെയും
ജില്ലാ കമ്മിറ്റികളിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്കും ജനാധിപത്യപരമായ് തിരഞ്ഞെടുപ്പ് നടത്തിയാണ് നാം പ്രവര്‍ത്തിച്ച് വരുന്നത്. എന്തായാലും ശരി ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്‍പില്‍ എക്കാലവും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന, ഗവണ്‍മെന്റുകളുടെ മുഖം നോക്കാതെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ ട്രേഡ് യൂണിറ്റുകളെ ചേര്‍ത്ത് നിര്‍ത്തി അഖിലേന്ത്യ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കി ശക്തമായി മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് ഐ എന്‍ ടി യു സി, അതുകൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സംഘടനകള്‍ക്കും ഒരു ആശാകേന്ദ്രമായി മാറുന്നത്. അത്രയും വിലപ്പെട്ട ഒരു പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുമ്പോള്‍, ഒടുവിലാണെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നു. അതിന് വഴിയൊരുക്കിയത് കേരള സംസ്ഥാന ഐ എന്‍ ടി സിയുടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിന് ബഹുമാന്യനായ എഐസിസിയുടെ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, അതുപോലെ എ ഐ സി സിയുടെ കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി വിശ്വനാഥ പെരുമാളും പങ്കെടുക്കുവാന്‍ എത്തുകയും അവിടെവച്ച് ഐഎന്‍ടിയുസി എന്താണെന്നും അതിന്റെ സംഘടന സംവിധാനമെന്താണെന്നും അതിന്റെ ശക്തി എന്താണെന്നും അതിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കിട്ടുന്ന പ്രയോജനം എന്താണെന്ന് ഒക്കെ വ്യക്തമാക്കുവാനും മനസ്സിലാക്കുവാനും ഇരുവര്‍ക്കും കഴിഞ്ഞു. അതിനുശേഷം എ ഐ സി സി മീറ്റിങ്ങില്‍ ബഹുമാന്യനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തുകയും ഡോ. സഞ്ജീവ റെഡ്ഡി ആധ്യക്ഷനായ ഐ എന്‍ ടി യു സിയെ അംഗീകരിക്കുകയും, മുന്‍കാലങ്ങളില്‍ മാറ്റാരെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസ് കൊടുക്കുകയും മറ്റും ചെയ്‌തെങ്കില്‍ അവരെല്ലാവരും ആ കേസുകളെല്ലാം പിന്‍വലിച്ചുകൊണ്ട് ഈ സംഘടന അംഗീകരിക്കണമെന്നുള്ള നിലപാട് എടുക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നതും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ സംഘടന കൂടി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്ന കരുത്ത് ചെറുതല്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്താനായ് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റിന്റെ എടുത്ത ചരിത്രപരമായ ഈ തീരുമാനം നന്ദിയോടെ സ്മരിക്കുവാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ഒപ്പം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനോടും നേതാക്കന്മാരും ഈയൊരു ആത്മവിശ്വാസം മുന്നില്‍ വെച്ചു കൊണ്ട് തൊഴിലാളികള്‍ക്കെതിരായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിയമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കരുത്ത് പകരാനുള്ള ഭാരത് ജോഡോ യാത്രയും ഐ എന്‍ ടി യു സിയുടെ പുതിയ നയങ്ങളും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനും കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *