കർഷക – ആദിവാസി- തൊഴിലാളി പരിസ്ഥിതി പ്രവർത്തക വട്ടമേശ സമ്മേളനം ഞായറാഴ്ച കല്പറ്റയില്‍

Wayanad

കല്പറ്റ: അത്യുൽപാദന വിത്തുകളിൽ (ഹൈബ്രിഡ്) നിന്ന് ജനിതക മാറ്റം (GM ) വരുത്തിയ വിത്തുകൾ ഇന്ത്യയിൽ പരീക്ഷിക്കുന്നതിനെ കഴിഞ്ഞ 20 വർഷമായി കർഷകർ പ്രതിരോധിക്കുന്നു. മോൺസാൻ്റോ മുതൽ ബെയർ വരെയുള്ള മൾട്ടി നാഷണൽ കമ്പനികളുടെ വാദങ്ങൾ തള്ളിക്കൊണ്ട് ആശ്വാസകരമായ വിധി സുപ്രിം കോടതി ജൂലൈയിൽ പുറപ്പെടുവിച്ചു. ജനിതക മാറ്റം (GM ) വരുത്തിയ വിത്തുകൾ ഇന്ത്യയിൽ പരീക്ഷിക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച് ദേശീയ നയം രൂപപ്പെടുത്താൻ കേന്ദ്ര സർക്കാറിൻ്റെ പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി.

ഭക്ഷണവുമായി ബന്ധപ്പെട്ട കർഷക , ആദിവാസി, മത്സ്യ, ക്ഷീര, തേൻ തുടങ്ങിയ മേഖലയിലുള്ള വ്യക്തികളും സംഘടനകളുമായും, സംസ്ഥാന സർക്കാരുകളുമായും ചർച്ച നടത്തി നാലു മാസത്തിനകം ദേശീയ നയം പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

കേരള സംസ്ഥാന സർക്കാരിന് സമർപ്പിക്കേണ്ട നിർദ്ദേശങ്ങളുടെ കരട് ചർച്ചചെയ്യാനായി ഒക്ടോബര്‍ ആറിന് ഞായറാഴ്ച ഒരു മണിമുതല്‍ കല്പറ്റ വുഡ് ലാന്‍റ്സ് ഓഡിറ്റോറിയത്തില്‍ ചേരുന്ന അതിപ്രധാന വട്ടമേശ സമ്മേളനം ഡോ: രാജേന്ദ്ര സിംഗ്(വാട്ടർമാൻ ഓഫ് ഇന്ത്യ) ഉദ്ഘാടനം ചെയ്യും.

പരിപാടിയില്‍ പങ്കെടുക്കുന്ന സംഘടനകളും വ്യക്തികളും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ സൌകര്യമുണ്ട്. സംഘടനകൾക്ക് മൂന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാവുന്നതാണ്. പങ്കെടുക്കാൻ സാധിക്കാത്തവർക്ക് നിർദ്ദേശങ്ങൾ എഴുതി സമർപ്പിക്കാം

കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി വിരുദ്ധമായ വികസനത്തിൻ്റെയും ഫലമായി അവിശ്വസനീയമായ പ്രകൃതിക്ഷോഭങ്ങൾ തുടരെ തുടരെ അനുഭവിക്കേണ്ടിവരുന്ന വയനാടിനെയും മനുഷ്യരെയും മണ്ണും വെള്ളവും വായുവും കാടും സംരക്ഷിക്കാൻ ഗൗരവമായ ഇടപെടൽ അതിപ്രധാനമാണ്. വിഷയത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഓര്‍ഗനൈസര്‍ പി ടി ജോണ്‍ (9650382582) അഭ്യര്‍ത്ഥിച്ചു.