വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിസ്ഥിതി വിഷയങ്ങളില്‍ പരിശീലനം തുടങ്ങി

Kozhikode

കോഴിക്കോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സ്കൂളുകളിലെ ദേശീയ ഹരിത സേന എക്കോ ക്ലബ് നടപ്പാക്കുന്ന എന്‍വയോണ്‍മെന്റ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം തുടങ്ങി.

കൂൺ കൃഷി പരിശീലന സാമഗ്രികൾ വിദ്യാർത്ഥികൾക്ക് കൈമാറി രാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നരസിംഹാനന്ദജി പരിശീലനം ഉദ്ഘാടനം ചെയ്യുന്നു.

പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം മീഞ്ചന്ത രാമകൃഷ്ണമിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൂണ്‍ കൃഷിയുടെ പരിശീലന സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് രാമകൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് സ്വാമി നരസിംഹാനന്ദജി നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ ജി. അദ്ധ്യക്ഷനായിരുന്നു.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് സ്കോളര്‍ മിഥുന്‍ വേണുഗോപാല്‍ പരിശീലനം നയിക്കുന്നു.

സ്കൂള്‍ ജൈവവൈവിധ്യ രജിസ്റ്ററിന്റെയും സീഡ് ബോളിന്റെയും നിര്‍മ്മാണത്തിന്റെ പരിശീലനം മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ റിസര്‍ച്ച് സ്കോളര്‍ മിഥുന്‍ വേണുഗോപാല്‍ നയിച്ചു. കൂണ്‍ കൃഷി നിര്‍മ്മാണത്തിന്റെ പരിശീലനം മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് സ്കോളറായ പൂജ പുഷ്കരന്‍ നല്‍കി. എല്‍ഇഡി ബള്‍ബ് നിര്‍മ്മാണത്തിന്റെ പരിശീലനം എനര്‍ജി മാനേജ്മെന്റ് സെന്റര്‍ റിസോഴ്സ് പെഴ്സണായ സതീശന്‍ കെ. നയിച്ചു. എവയോണ്‍മെന്റ് എഡ്യുക്കേഷന്‍ പ്രോഗ്രാമിലെ വിവിധ പരിപാടികളെക്കുറിച്ച് ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ ക്ലാസ് നല്‍കി.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് സ്കോളര്‍ പൂജ പുഷ്കരന്‍ കൂണ്‍ കൃഷി നിര്‍മ്മാണ പരിശീലനം നല്‍കുന്നു.

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരം വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 160ഓളം പേര്‍ ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലയിലെ അടുത്ത പരിശീലനം ഒക്ടോബര്‍ 8 ചൊവ്വാഴ്ച വടകര ഡയറ്റ് ഹാളില്‍ വെച്ച് നടക്കും. ഇതുകൂടാതെ താമരശ്ശേരി വിദ്യാഭ്യാസ ജില്ല, ജില്ലയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് രണ്ട് തുടര്‍ പരിശീലനങ്ങള്‍ കൂടി ഉണ്ടാകും. ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ പി. രമേഷ് ബാബു നന്ദിയും പറഞ്ഞു.