കെ.എം.സി.ടി നാഷണൽ കോളേജ് ഓഫ് ഫാർമസിക്ക് നാക്അക്രഡിറ്റേഷൻ

Kozhikode

കോഴിക്കോട് – കെ.എം.സി.ടി നാഷണൽ കോളേജ് ഓഫ് ഫാർമസി നാക് അംഗീകാര നിറവിൽ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ കോളേജ് ഓഫ് ഫാർമസി. ജൂലൈ 10 നു 3 മണിക്ക് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി “നാക് അക്രഡിറ്റേഷൻ സിർട്ടിഫിക്കറ്റ് സമർപ്പണം നടത്തും.

ഫാർമസി വിദ്യാഭ്യാസ രംഗത്തെ മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. കേരളത്തിലെ ഫാർമസി കോളേജികളിൽ ഏറ്റവും ഉയർന്ന CGPA സ്കോർ ആണ് കെ.എം.സി.ടി നാഷണൽ കോളേജ് ഓഫ് ഫാർമസിക്കു ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനം, അധ്യാപകനിലവാരം, വിവിധങ്ങളായ ഗവേഷണ ഫലം, നൂതന പഠന രീതികൾ, അക്കാദമിക് മികവ് എന്നിവയുൾപ്പെടെ സമസ്ത മേഖലകളും പരിശോധിച്ചാണ് നാക് എ ഗ്രേഡ് ലഭ്യമായത്.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കെ.എം.സി.ടി നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ: കെ മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഈ നേട്ടം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടേയും കഠിനാധ്വാനത്തിന്റേയും അർപ്പണമനോഭാവത്തിന്റേയും ഫലമാണെന്നും നാഷണൽ കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ.സുജിത് വർമ പറഞ്ഞു. മികച്ച മെഡിക്കൽ വിദ്യാഭ്യാസം നൽകാനും, ആരോഗ്യ മേഖലയിൽ ഗണ്യമായ സംഭാവന നൽകാനും തുടർന്നും പ്രവർത്തിക്കാനുള്ള പ്രോത്സാഹനമാണിത്. കോളജിന്റെ പഠന, ഗവേഷണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1996 ലാണ് കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് കെ.എം.സി.ടി നാഷണൽ കോളേജ് ഓഫ് ഫാർമസി പ്രവർത്തനമാരംഭിക്കുന്നത്.

പ്രൊഫ. അഖിൽ ഹരി (IQAC കോർഡിനേറ്റർ നാഷണൽ കോളേജ് ഓഫ് ഫാർമസി ) സലീം കെ.എൻ എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.