പൊഴുതന: വംശ നാശം നേരിടുന്ന മരങ്ങളുടെ തൈകൾ കൂട്ടക്കാവിൽ നട്ടുകൊണ്ട് കാവിന്റെ വൃക്ഷവൈവിദ്ധ്യം വിപുലമാക്കി. മാത്രമല്ല, കാവിൽ നിലവിലുള്ള വൃക്ഷങ്ങൾക്ക് എല്ലാം പേരുകൾ ഉള്ള ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. കാവിലെ അഞ്ച് വർഷത്തിലധികം പ്രായമുള്ള മരങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ബോർഡുകൾ സ്ഥാപിച്ചത്. മൂത്താശാരി, കുടുമ്പുളി എന്നിങ്ങനെയുള്ള അപൂർവ ഇനത്തിൽ പെട്ട ചെടികൾ ആണ് കാവിൽ നട്ടത്. വെള്ളപൈൻ, അകിൽ, കൊല്ലി ഞാവൽ എന്നിങ്ങനെയുള്ള അപൂർവ ഇനം മരങ്ങൾ ഉള്ള കാവ് ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്.
ദിവാകരൻ ആനോത്തിനെ ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹം കാവിന്റെ പുനർ നിർമ്മാണത്തിന് ചെയ്ത സംഭാവനകളും, ശ്രമങ്ങളും നിസ്തുലമായിരുന്നു എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പറഞ്ഞു. കാവിലെ വൃക്ഷങ്ങളുടെ പേര് സ്ഥാപിക്കൽ ചടങ്ങ് ദിവകരേട്ടന്റെ ഭാര്യനന്ദിനി നിർവഹിച്ചു. കാവുകളുടെ സംരക്ഷണ പ്രാധാന്യം എന്ന വിഷയത്തിൽ സംസ്ഥാന വൃക്ഷമിത്ര അവാർഡ് ജേതാവ് നന്ദകുമാർ സംസാരിച്ചു. ജോസഫ് ജോൺ പദ്ധതി വിശദീകരിച്ചു. കൂട്ടക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് അജി സ്വാഗതവും, ബാബു നന്ദിയും പറഞ്ഞു. സുജിത് മാരാത്ത്, അനസ് എന്നിവർക്ക് പുറമെ ദിവകരേട്ടന്റെ കുടുംബാംഗങ്ങളും നിരവധി ആളുകളും ചടങ്ങിൽ സംബന്ധിച്ചു.