തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളത്തിൻ്റെ സ്മരണ നിലനിൽക്കുവാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ജനകീയ സഹകരണത്തോടെ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ പി കെ.രാജ് മോഹൻ.
നെയ്യാറ്റിൻകര നഗരസഭയും സാംസ്കാരിക സംഘടനകളും ചേർന്ന് വഴുതൂർ എൻ എസ് എസ്സ് കരയോഗ ഹാളിൽ വച്ച് നടന്ന നെയ്യാറ്റിൻകര കോമളം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർമാൻ. സ്വദേശാഭിമാനികൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് വിനോദ് സെൻ.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര കോമളത്തിൻ്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് പ്രദീപ് കുമാരപിള്ള സംസാരിച്ചു.
കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീൺ, ഷിബു രാജ് കൃഷ്ണ, മഞ്ചത്തല സുരേഷ്, പ്രസന്നകുമാർ, കവി എൻ.എസ്. സുമേഷ് കൃഷ്ണൻ, മാധ്യമ പ്രവർത്തകൻ സജിലാൽ, രാമചന്ദ്രൻ, NRC നായർ, രവീന്ദ്രൻ നായർ, മണലൂർ ശിവപ്രസാദ്, മണികണ്ഠൻ മണലൂർ, വിനോദ്, സഞ്ജയ് കുമാർ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.