ഫലസ്തീനിലെ മർദ്ദിത ജനതയോടൊപ്പം നിലകൊള്ളുക: ഡോ. ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട്: ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന ഫലസ്തീനികളോടൊപ്പമാണ് വിശ്വാസി സമൂഹവും എല്ലാ മനുഷ്യസ്നേഹികളും നിലക്കൊള്ളേണ്ടതെന്ന് ഡോ ഹുസൈൻ മടവൂർ പറഞ്ഞു. കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ പ്രദേശം മുസ്ലിംകളും ക്രിസ്ത്യാനികളും യഹൂദരും പരസ്പര വിശ്വാസത്തോടെ ജീവിച്ച് പോന്ന പ്രദേശമായിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം ബ്രിട്ടൻ്റെ നേതൃത്വത്തിൽ നടന്ന വൻ ഗൂഡാലോചനയുടെ ഫലമായാണ് 1948 ൽ ഫലസ്തീൻ മണ്ണിൽ ഇസ്രയേൽ എന്ന ജൂത രാഷ്ട്രമുണ്ടായത്. അന്ന് ഏഴര ലക്ഷം ഫലസ്തീനികളാണ് അയൽ പ്രദേശങ്ങളായ സിറിയ ,ജോർഡാൻ , ഈജിപ്ത്, ലെബനാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്. പിന്നീട് പലപ്പോഴായി നടന്ന യുദ്ധങ്ങളും അക്രമങ്ങളും കാരണം കാരണം അഭയാർത്ഥി പ്രവാഹം വർദ്ധിച്ചു.

കഴിഞ്ഞ ഏഴുപത്തിയാറ് വർഷങ്ങളായി ഫലസ്തീനികൾ പൊരുതുകയാണ്. ജനിച്ചനാട്ടിൽ ജീവിക്കുവാനും പുണ്യ ഖുദ്സ്പ്രദേശവും മസ്ജിദുൽ അഖ്സായും സംരക്ഷിക്കുവാനും വേണ്ടിയാണവർ പൊരുതി മരിക്കുന്നത്. നാം എന്നും മർദ്ദിത സമൂഹത്തോടൊപ്പമായിരിക്കണമെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.