കോഴിക്കോട്: ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം 12 നു ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് കെ എൻ എം നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മദീന ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മനോഹരമായ ഖുർആൻ പാരായണം കൊണ്ടും ഉൾക്കനമുള്ള പ്രഭാഷണങ്ങൾ കൊണ്ടും ലോക ശ്രദ്ധ നേടിയ പണ്ഡിതനും അക്കാദമിഷ്യനുമാണ് മദീന ഇമാം ഡോ അബ്ദുല്ല അൽ
ബുഅയ്ജാൻ. വർഗ്ഗീയ വിഭാഗീയ ചിന്തകൾക്കെതിരെ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് സമാധാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
കടപ്പുറത്ത് നടക്കുന്ന മഗ്‌രിബ് നമസ്കാരത്തിന് ഇമാം നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. സമ്മേളനത്തിൽ
മന്ത്രി വി അബ്ദുറഹമാൻ, ടി പി അബ്ദുല്ല കോയ മദനി, എം മുഹമ്മദ് മദനി, പി കെ കുഞ്ഞാലിക്കുട്ടി, എം കെ. രാഘവൻ എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൽ വഹാബ് എംപി, അഹ്മദ് ദേവർകോവിൽ എം എൽ എ, ഡോ ഫസൽ ഗഫൂർ,
നൂർ മുഹമ്മദ് നൂർഷ, പി കെ അഹ്മദ് സാഹിബ്, ഡോ.ഹുസൈൻ മടവൂർ എന്നിവർ പ്രസംഗിക്കും.
ഇൻഡ്യ സന്ദർശിക്കുന്ന മദീന ഇമാം വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കും. 14 നു വെള്ളിയാഴ്ച എറണാകുളം വൈറ്റില സലഫി കോംപ്ലക്‌സിൽ ജുമുഅക്ക് നേതൃത്വം നൽകും. ഡൽഹിയിൽ എത്തുന്ന മദീന ഇമാം 9 നു ശനിയാഴ്ച ഡൽഹി രാം ലീല മൈതാനത്ത് നടക്കുന്ന ആൾ ഇൻഡ്യ അഹ്‌ലെ ഹദീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
വാർത്ത സമ്മേളനത്തിൽ ടി പി അബ്ദുല്ല കോയ മദനി (പ്രസിഡന്റ് കെ എൻ എം), എ അസ്ഗർ അലി (കെ എൻ എം സെക്രട്ടറി), ഡോ.എ ഐ അബ്ദുൽ മജീദ് (കെ എൻ എം സെക്രട്ടറി) വളപ്പിൽ അബ്ദുൽ സലാം (കെ എൻ എം കോഴിക്കോട് ജില്ലാ സെക്രട്ടറി) ശുക്കൂർ സ്വലാഹി (ഐ എസ് എം സെക്രട്ടറി) നിസാർ ഒളവണ്ണ (മീഡിയ കോഡിനേറ്റർ) എന്നിവര്‍ പങ്കെടുത്തു.