വികസിത് ഭാരത്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി ആശയസംവാദം നടത്തി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

Uncategorized

ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ‘ഇന്ത്യാസ് ഗ്രോത്ത് സ്‌റ്റോറി: മാര്‍ച്ചിങ് ടുവേഴ്‌സ് വികസിത് ഭാരത്’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി നല്‍കിയ മന്ത്രി രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം, ഭാവി രൂപപ്പെടുത്തുന്നതില്‍ യുവതലമുറയുടെ ശാക്തീകരണം, ഇന്നവേഷന്‍ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

പുരുഷാധിപത്യം സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് തടസമെന്ന വാദം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇന്ത്യയിലെ സ്ത്രീകളുടെ ആഗ്രഹങ്ങള്‍ കൈവരിക്കുന്നതിന് പുരുഷ സമൂഹം തടസമായിരുന്നുവെങ്കില്‍ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് എങ്ങനെ എന്നും നിര്‍മ്മല ചോദിച്ചു. അതിന് മുമ്പ് അരുണ ആസഫ് അലി, സരോജിനി നായിഡു ഇവരൊക്കെ രാജ്യത്തെ പ്രമുഖ സ്ത്രീ സാന്നിധ്യമായിരുന്നു. ഇവരുടെ വളര്‍ച്ചയ്ക്ക് പുരുഷ സമൂഹം തടസമായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുരുഷാധിപത്യത്തെ കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തെ എതിര്‍ത്ത അവര്‍ സ്വയം നിലകൊള്ളുകയും യുക്തിസഹമായി സംസാരിക്കുകയും ചെയ്താല്‍, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിന്ന് സ്ത്രീകളെ ആരും തടയില്ലെന്നും പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ അവരുടെ റോള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതായി കാണാനാകും.

മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഡിജിറ്റല്‍ വിപ്ലവത്തിന് പൂര്‍ണമായും പൊതു ഫണ്ട് ഉപയോഗിച്ചത് ഇന്ത്യയില്‍ മാത്രമാണെന്ന് സീതാരാമന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായത്. ഇത്തരത്തില്‍സൃഷ്ടിക്കപ്പെട്ട പൊതു അടിസ്ഥാന സൗകര്യത്തിലൂടെ ഒട്ടനവധി നേട്ടങ്ങളാണ് ഓരോ ഉപയോക്താവിനും സൗജന്യമായി ലഭിച്ചത്. അതിനാല്‍ ബിസിനസ് വളര്‍ത്തുവാന്‍ ആഗ്രഹിച്ച ചെറുകിട ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ ബിസിനസിനെ ആഗോളതലത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ് ചന്ദും പരിപാടിയില്‍ സന്നിഹിതനായിരുന്നു.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക് കൊച്ചിയിലും ക്യാംപസുണ്ട്.രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്സിറ്റി.