കല്പറ്റ: വയനാട്ടിലെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ വിപ്ലവകരമായ പ്രവർത്തനങ്ങൾ നിർവഹിച്ച മുസ്ലിം കൾച്ചറൽ ഫൌണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി( എം സി എഫ്) രജത ജൂബിലിയുടെ നിറവില്‍. സേവനപാതയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ എം സി ഫ് 2000ൽ ആണ് രൂപീകൃതമായത്. 2025 ജനുവരി മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന ഒരു വർഷത്തെ ആഘോഷ പരിപാടികളാണ് രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
കല്പറ്റ എം സി എഫ് സ്കൂളാണ് പ്രധാന സ്ഥാപനമെങ്കിലും മേപ്പാടി, സുൽത്താൻ ബത്തേരി എന്നിവടങ്ങളിലും വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനാഥ ,അഗതി സംരക്ഷണത്തിന്റെ ഭാഗമായി കല്പറ്റയിൽ അമൽഹോം കെയറും എം സി എഫിന്റെ കീഴിലായി പ്രവർത്തിക്കുന്നുണ്ട്. വിധവാ സഹായ പദ്ധതിയും, പുനരധിവാസ ക്ഷേമപ്രവർത്തനങ്ങളും വ്യവസ്ഥാപിതമായി എം സി എഫ് നടത്തിവരുന്നു.
ജൂബിലിയുടെ ഭാഗമായി മെഗാ എക്സിബിഷൻ, വിദ്യാഭ്യാസ സെമിനാറുകൾ, സുവനീർ പ്രകാശനം, എം സി എഫിന്റെ ചരിത്രം അവലോകനം ചെയ്യുന്ന ഡോക്യൂമെന്ററി, കല്പറ്റ ക്യാമ്പസിലെ അഡ്മിൻ ബ്ലോക്ക് ഉദ്ഘാടനം, പുസ്തക മേള, പൂർവ വിദ്യാർത്ഥി സംഗമം തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ പരിപാടികളില്‍ ദേശീയ വ്യക്തി തങ്ങൾ പങ്കെടുക്കും. രജത ജൂബിലി ആഘോഷങ്ങള്‍ക്കുള്ള സ്വാഗത സംഘം രൂപീകരണം 16ന് ശനിയാഴ്ച രണ്ട് മണിക്ക് കല്പറ്റയില് നടക്കും.
ജനറൽ കൗൺസിൽ യോഗം ഡോഹുസൈൻ മടവൂർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ ജമാലുദ്ധീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ മുസ്തഫ ഫാറൂഖി രൂപ രേഖ അവതരിപ്പിച്ചു. കെ പി യൂസഫ് ഹാജി, എം മുഹമ്മദ് മാസ്റ്റർ, നജീബ് കാരാടൻ, കെ എം ഷബീർ അഹമ്മദ്, എ പി മൊയ്തു. കെ പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.