കല്പറ്റ: ഹാരിസൺസുൾപ്പെടെ കേരളത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും കയ്യടക്കിയിരിക്കുന്ന മുഴുവൻ സർക്കാർ ഭൂമിയും നിയമ നിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കുകയാണ് ജനങ്ങളുടെ മാൻഡേറ്റ് വാങ്ങി ഭരിക്കുന്ന ഏതൊരു സർക്കാരും ചെയ്യേണ്ടതെന്ന് സി. പി. ഐ (എം.എൽ) റെഡ്സ്റ്റാർ. അതിന് കാലതാമസം വരുന്ന സാഹചര്യത്തിൽ അടിയന്തിര പുനരധിവാസത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരം ഭൂമി ഏറ്റെടുക്കണം.
യുദ്ധകാലാടിസ്ഥാനത്തിൽ ശാസ്ത്രീയമായി വീട് നിർമ്മാണം വ്യക്തിഗത ആവശ്യങ്ങൾക്കനുസൃതമായി നിർമ്മിച്ച് വിതരണം ചെയ്യാനുള്ള സാദ്ധ്യത നില നിൽക്കുമ്പോൾ അതിനപ്പുറമുള്ള സ്ഥാപിത താൽപര്യങ്ങളെ തള്ളിക്കളഞ്ഞ് ശക്തമായ ജനപക്ഷ നിലപാടെടുക്കാനുള്ള അവസരമാണ് സർക്കാരിൻ്റെ മുന്നിലുള്ളതെന്നും സി.പി.ഐ(എം എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
സർക്കാർ വക്കീലന്മാർ കോടതികളിൽ തോട്ടം മാഫിയകൾക്ക് വേണ്ടി വാദിക്കുമ്പോൾ മാത്രമാണ് നഷ്ടപരിഹാരത്തിൻ്റെ കാര്യം പറയേണ്ടി വരുന്നത്. നട്ടെല്ലുള്ള സർക്കാരാണെങ്കിൽ ഇവിടെ നിയമവാഴ്ച്ച ഉറപ്പ് വരുത്തി മാതൃകയാവണമെന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിദേശകമ്പനികൾ നിയമവിരുദ്ധമായി കയ്യടക്കി വച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ച ഭൂമിയുടെ മുഴുവൻ വിശദാംശങ്ങളും, കോടിക്കണക്കിന് രൂപ സർക്കാർ നേരിട്ട് ചെലവാക്കി തയാറാക്കിയ 1) നിവേദിത പി. ഹരൻ; 2) ജസ്റ്റിസ് എൽ. മനോഹരൻ; 3) ഡോ. ഡി. സജിത് ബാബു; 4)ഡോ.എം.ജി. രാജമാണിക്കം എന്നിവരുടെ റിപ്പോർട്ടുകൾ സർക്കാർ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടതിന് ശേഷം ഒരു ഘട്ടത്തിൽ പോലും റിപ്പോർട്ടിലൂടെ വെളിപ്പെടുത്തിയ ഒറ്റ കാര്യം പോലും വസ്തുതാപരമല്ലെന്ന് ഒരു സർക്കാരും രേഖാപരമായി ഒരു പ്രസ്താവനയും ഇന്നേവരെ നടത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
ദുരന്തബാധിതരുടെ എന്നല്ല, ഏതൊരു പൗരരുടെയും ജീവിക്കുവാനുള്ള അവകാശം ഭരണഘടനാപരമാണ്. അത് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ചുമതല സംസ്ഥാന സർക്കാരിനുണ്ട്. അത് ചെയ്യാനുള്ള ചങ്കൂറ്റം സർക്കാർ കാണിക്കണം. മറിച്ചെന്ത് ചെയ്താലും അതെല്ലാം തോട്ടം നടത്തിപ്പുകാരും സർക്കാരും തമ്മിലുള്ള ഒത്തുകളിയായിട്ട് മാത്രമെ വിലയിരുത്താനാവൂ.
ഭൂഉടമസ്ഥതയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലകളിലെ ബന്ധപ്പെട്ട സിവിൽ കോടതികളിൽ ഹർജി നൽകാനുള്ള സർക്കാർ തീരുമാനം ഇനിയും നടപ്പാക്കപ്പെട്ടില്ല. മാത്രവുമല്ല; ഹർജി നൽകിയാലും സിവിൽ കോടതികളിൽ നടപടി പൂർത്തിയായി വിധി വരുന്നതിന് ഒട്ടേറെ കാലതാമസവും ഉണ്ടാകും. അതുവരെ ഭൂമി, കയ്യേറ്റക്കാരുടെ കൈകളിലായിരിക്കും. ഈ സാഹചര്യത്തിൽ നിയമ വ്യവഹാരങ്ങൾക്കു പകരം അടിയന്തരമായി നിയമനിർമ്മാണം നടത്തി ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുകയാണ് വേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി. ജെ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.