ന്യൂഡല്‍ഹി: കോടതിയില്‍ നിന്നും തൊണ്ടിമുതല്‍ തിരിമറി നടത്തിയ സംഭവത്തില്‍ ഇടത് എം എല്‍ എ വിചാരണ നനേരിടണം. സുപ്രീംകോടതിയില്‍ നിന്നാണ് മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് തിരിച്ചടി നേരിട്ടത്. തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി വിചാരണ നേരിടണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് കൈമാറാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി പൊലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദിച്ചിരുന്നത്.
തിരുവനന്തപുരം ജെ എഫ് എംസി രണ്ടില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാനായിരുന്നു തൊണ്ടിമുതലില്‍ തിരിമറി നടത്തിയത്. തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയില്‍ നിന്ന് മാറ്റിയെന്നതാണ് കേസ്. ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.