മാസപ്പടി; എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കര്‍ണ്ണാടക ഹൈക്കോടതിയില്‍

Kerala

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍. സ്റ്റേ ആവശ്യപ്പെട്ടാണ് കര്‍ണ്ണാടക ഹൈക്കോടതിയയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിര്‍കക്ഷികള്‍. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്എഫ്ഐഒ സംഘം നീക്കം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക് നടപടി. എക്സാലോജിക് നിയമവിരുദ്ധമായി പണം കൈപ്പറ്റിയതാണ് എസ്എഫ്ഐഒ പരിശോധിക്കുന്നത്.

എസ് എഫ് ഐ ഒ സിഎംആര്‍എല്ലില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നും രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. 1.72 കോടി രൂപയാണ് വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയത്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് അഴിമതിയായി വിലയിരുത്തുകയാണ് കേന്ദ്ര ഏജന്‍സികള്‍. കെഎസ്‌ഐഡിസിയിലെ പരിശോധന കഴിഞ്ഞ് ബംഗളൂരുവിലേക്ക് തിരിച്ച എസ്എഫ്‌ഐഒ സംഘം ഏറെ വൈകാതെ വീണയുടെ മൊഴി രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്എഫ്‌ഐഒ സംഘം. അന്വേഷണത്തില്‍ എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹര്‍ജി.

അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെ കെഎസ്‌ഐഡിസിയുടെ കോര്‍പറേറ്റ് ഓഫീസില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സംഘം കെഎസ്‌ഐഡിസിയില്‍ എത്തിയത്. എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടിയും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് അറിയുന്നത്.