ആയഞ്ചേരി: സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് സബ് സെൻ്ററിന് കീഴിലുള്ള 2, 13 ,14 വാർഡ് പരിധിയിലുള്ള ജനകീയ ആരോഗ്യ സമിതി ചേർന്നു. പൊതുജലാശങ്ങൾ ഉൾപ്പെടെ മുഴുവൻ വീടുകളിലെയും കിണറുകൾ ക്ലോറിനേഷൻ ചെയ്യാനും മാലിന്യമോ വെള്ളകെട്ടുകളോ ഉള്ള സ്ഥലങ്ങൾ കണ്ടെത്തി ശുചീകരണം നടത്താനും തീരുമാനിച്ചു. എല്ലാവാർഡുകളിലെയും ശുചിത്വ വളണ്ടിയർമാർ ഏറ്റവും അടുത്ത ദിവസങ്ങളിൽ വീടുകളിൽ എത്തിച്ചേരുമ്പോൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
വിവാഹം, ഒന്നിലധികം കുടുംബങ്ങൾ ഒത്ത് ചേരുന്ന ആഘോഷങ്ങൾ മുതലായവ നടക്കുമ്പോൾ വാർഡ് മെമ്പർമാരെയോ, ആരോഗ്യ പ്രവർത്തകരെയോ മുൻകൂട്ടി അറിയിക്കണം. ഉപയോഗിക്കുന്ന പാത്രങ്ങൾ നല്ല രീതിയിൽ കഴുകാനും, നല്ല സ്ഥലത്ത് പാകം ചെയ്യാനും ശ്രമിക്കണം.
വെൽക്കം ഡ്രിങ്കുകൾ, ജൂസുകൾ , ശീതളപാനീയങ്ങൾ, സിപ്പപ്പുകൾ, ഐസ്ക്യൂബുകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. കുട്ടികൾക്കും മറ്റും തിളപ്പിച്ചാറിയ വെള്ളം കൊടുത്ത് ശീലിപ്പിക്കണം. ഭക്ഷണത്തിന് മുമ്പും
ബാത്ത്റൂമിൽ പോയതിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്ന ശീലം ഉണ്ടാക്കണം. പുനരുപയോഗിക്കുന്ന ഗ്ലാസുകൾ തിളപ്പിച്ച വെള്ളത്തിൽ കഴുകണം.
മാസത്തിലെ ഓരോ ആഴ്ചയിലേയും ചൊവ്വ, വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും, 30 വയസിന് മുകളിലുള്ളവരുടെയും പ്രത്യേക ക്യാമ്പുകൾ നടത്തും.
മരണ സാധ്യതയുള്ള മഞ്ഞപ്പിത്തമായത് കൊണ്ട് എല്ലാവരും ജാഗ്രത പാലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകും. ജാസ് മീറ്റിക്ക് കൺവീനറും, മെമ്പറുമായ എ. സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വെള്ളിലാട്ട് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ പി.രവീന്ദ്രൻ, ഇ.കെ ശ്രീലത ജെ.എച്ച് ഐ നൂറ ഫാത്തിമ, ജെ.പി .എച്ച്. എൻ , സെലിൻ ,ആശാവർക്കർമാരായ ടി.കെ റീന, തങ്കമണി ,CDS മെമ്പർ മാലതി ഒന്തമ്മൽ തുടങ്ങിയവർ സംസാരിച്ചു.