അമ്മ വായന മുറികൾക്കും സ്കൂൾ ലൈബ്രറികൾക്കും പുസ്തകങ്ങൾ കൈമാറി

Kozhikode

കോഴിക്കോട് : ലോക പുസ്തകദിനാഘോഷത്തിൻ്റെ ഭാഗമായി എഴുത്തുകാരൻ കൂടിയായ ഇ എൻ ടി സർജൻ ഡോ. ഒ എസ് രാജേന്ദ്രൻ സംഭാവന ചെയ്ത അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവൽ, കുട്ടികളെ മയക്കുമരുന്ന് ലോബി വശത്താക്കുന്നതിനെതിരെയുള്ള ‘ ബെല്ലഡോണ ‘ ഉൾപ്പെടെയുള്ള സാഹിത്യ പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച 5 കൃതികളും മാതൃഭൂമി ബുക്സ്, ചിന്താ പബ്ളിഷേഴസ് തുടങ്ങിയ പ്രസാധകരുടെ ദർശനം സാംസ്കാരിക വേദിയുടെ സ്വന്തം ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങളും ചേവായൂർ – ചെലവൂർ പ്രദേശങ്ങളിലെ സ്കൂൾ ലൈബ്രറികൾക്കും അമ്മവായന മുറികൾക്കും കൈമാറുന്ന പദ്ധതിക്ക് തുടക്കമായി.

ചേവായൂർ സെൻ്റ് ഫിലോമിന എ എൽ പി സ്കൂൾ മാനേജർ ഫാദർ സൈമൺ പീറ്ററും സ്കൂൾ ലീഡർ ജൂലിയറ്റും ചേർന്ന് ദർശനം സാംസ്കാരികവേദി ചെയർമാൻ കെ കുഞ്ഞാലി സഹീറിൽ നിന്ന് ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മിസ്ട്രസ് പി സി അഗത സ്വാഗതവും സി എസ് ജസ്ന നന്ദിയും പറഞ്ഞു.

ദർശനം ഐ ടി കോർഡിനേറ്റർ ഡഗ്ളസ് ഡി സിൽവ, ബാലവേദി മെൻ്റർമാരായ പി ജസീലുദീൻ, പി തങ്കം, കമ്മിറ്റി അംഗങ്ങളായ മിനി ജോസഫ്, ബാബു നമ്പ്യാലത്ത്, കെ പി മോഹൻദാസ് , ബെന്നി അലക്സാണ്ഡർ എന്നിവർ സംസാരിച്ചു. വായന പക്ഷാചരണം ആരംഭിക്കുന്ന ജൂൺ 19 വരെയുള്ള ദിവസങ്ങളിൽ ഹൈസ്കൂളുകളായ എൻജിഒ ക്വാർട്ടേഴ്സ് , ജെ ഡി ടി ഇസ്‌ലാം , ദേവഗിരി സാവിയോ , മെഡിക്കൽ കോളേജ് കാമ്പസ് എന്നിവയ്ക്കും മൂഴിയ്ക്കൽ എ എം എൽ പി , ചേവായൂർ മനത്താനത്ത് എ എൽ പി , ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് സ്കൂൾ, ജെഡിറ്റി ഇക്ര ഇംഗ്ളീഷ് സ്കൂൾ എന്നിവയ്ക്കും പുസ്തകങ്ങൾ കൈമാറുമെന്ന് ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ അറിയിച്ചു.