മഹല്ലുകളുടെ പ്രവര്‍ത്തനം പുന: സംവിധാനിക്കണം

Kozhikode

കോഴിക്കോട് : മഹല്ലിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രശ്‌ന പരിഹാരം സാധ്യമാവും വിധം മഹല്ല് സംവിധാനം ശാസ്ത്രീയമായി പുന:സംവിധാനിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച മാനേജ്‌മെന്റ് സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്ലാം വിഭാവനം ചെയ്യുന്ന സകാത്ത് സംവിധാനം വ്യവസ്ഥാപിതമായി നടപ്പിലാക്കി കൊള്ളപ്പലിശക്കാരില്‍ നിന്നും സാമ്പത്തിക ചൂഷകരില്‍ നിന്നും വിശ്വാസികളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. മുഴുവന്‍ മഹല്ലിലും സകാത് സെല്ലുകള്‍ ഏകീകരിച്ച് സംഘടിത സകാത്ത് നടപ്പിലാക്കണം.

തൊഴില്‍ പരിശീലനം, വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശം, മത്സര പരീക്ഷാ പരിശീലനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളില്‍ മഹല്ലുകളില്‍ സംവിധാനമൊരുക്കണം. പലിശ, ലഹരി, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രായോഗിക പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി ജനുവരി 25, 26, 27 ,28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മികവ് മാനേജ്‌മെന്റ് ശില്പശാല എം.എസ്.എസ് ജന: സെക്രട്ടറി എബിനിയര്‍ പി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ.എം കുഞ്ഞമ്മദ് മദനി, ഡോ. മുസ്തഫ കൊച്ചിന്‍. കെ.പി.സകരിയ്യ, സി.മമ്മു കോട്ടക്കല്‍, വഹാബ് നന്‍മണ്ട, അബ്ദുസ്സലാം പുത്തൂര്‍ വിഷയമവതരിപ്പിച്ചു.