സൂപ്പർ ക്ലോറിനേഷൻ തീവ്രയജ്ഞ പരിപാടി ആരംഭിച്ചു

Kozhikode

ആയഞ്ചേരി: മംഗലാട് 13-ാം വാർഡിൽ ശുദ്ധമായ കുടി വെള്ളം ഒരുക്കുന്നതിൻ്റെ ഭാഗമായി പൊതുകിണർ ഉൾപ്പെടെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തുന്ന തീവ്രയജ്ഞ പരിപാടി ആരംഭിച്ചു.ഒന്നിൽ കൂടുതൽ കുടുംബാഗങ്ങൾ ചേരുന്ന എല്ലാ ആഘോഷങ്ങൾക്കും ഇനി സൂപ്പർ ക്ലോറിനേഷൻ നിർബന്ധമായും ചെയ്യണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പണപയറ്റ് നടക്കുന്ന കിഴക്കയിൽ സൂപ്പിഹാജിയുടെ കിണറും ,പറമ്പിൽ ഗവൺമെൻ്റ് യു .പി സ്ക്കൂൾ കിണറും സൂപ്പർ ക്ലോറിനേഷൻ നടത്തിയാണ് തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചത്.

സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ വെൽക്കം ഡ്രിങ്ക് നൽകുകയാണെങ്കിൽ ചൂടുള്ളത് നൽകണമെന്നും, പുനരുപയോഗിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെളളത്തിൽ കഴുകണമെന്നുമുള്ള നിർദ്ദേശങ്ങളും കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യവളണ്ടിയർമാർ വീടുകളിലെത്തുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കണമെന്നും,ആഘോഷങ്ങളോ മറ്റ് പരിപാടികളോ നടത്തുകയാണെങ്കിൽ വാർഡ് മെമ്പറെയോ, ആരോഗ്യപ്രവർത്തകരെ നിർബന്ധമായും അറിയിക്കണമെന്നും മെമ്പർ അഭ്യർത്ഥിച്ചു.

ജെ. എച്ച് .ഐ നൂറഫാത്തിമ, ജെ.പി.എച്ച് എൻ സെലിൻ , ആശാവർക്കർ ടി.കെ റീന, ആരോഗ്യവളണ്ടിയർമാരായ മേഘ പൊട്ടൻ്റ വിട,പ്രജിത പാലോള്ളതിൽ തുടങ്ങിയവർ പങ്കെടുത്തു.