ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്രസയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. വാർഷിക പരിപാടികളുടെ ഉദ്ഘാടനം ഉസൈദ് ബ്നു ഹുദൈർ സെന്റർ ഫോർ ഖുർആൻ സ്റ്റഡീസ് ചെയർമാൻ റഷീദ് അബ്ദുല്ല അൽ ദൂസരി നിർവ്വഹിച്ചു. വിശുദ്ധ ഖുർആനിന്റെ പഠനത്തിനും വിദ്യാർത്ഥികളിൽ ധാർമികമൂല്യങ്ങൾ പകർന്നു നൽകുന്നതിലും മുപ്പത്തഞ്ചു വർഷമായി അൽഹുദാ മദ്രസ നൽകിവരുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അൽഹുദാ എക്സ്പോയുടെ ലോഗോ പ്രകാശനം ഇസ്‌ലാഹി സെന്റർ രക്ഷാധികാരി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി നിർവ്വഹിച്ചു.

ഇസ്‌ലാഹി സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളായ ശൈഖ് നഹാർ ഫൈസൽ അൽ ഹാരിഥി, ക്യാപ്റ്റൻ തലാൽ യൂസഫ്, ശൈഖ് അബ്ദുൽ ഹാദി അൽ റഷീദി എന്നിവർ ഉദ്ഘാടന സംഗമത്തിൽ പങ്കെടുത്തു.
സ്വാഗത സംഘം ചെയർമാൻ പി എം അമീറലി അധ്യക്ഷനായിരുന്നു. കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറി ഡോ. ഇസ്മായിൽ കരിയാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ മൂല്യബോധമുള്ള പാഠങ്ങൾ പകർന്നു നൽകിയാലേ വിദ്യാഭ്യാസം കൊണ്ട് സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളൂ എന്ന് ഡോ. ഇസ്മായിൽ കരിയാട് പറഞ്ഞു. വ്യത്യസ്ത വിഷയങ്ങളിൽ താരതമ്യ പഠനത്തിന് അവസരം നൽകി, പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കണം. അറിവ് നേടാതെ മുന്നേറാൻ സാധിക്കില്ലെന്നും അധ്യാപകന്റെ അധ്യാപനത്തോടൊപ്പം രക്ഷിതാക്കളുടെ പിന്തുണയും ഉണ്ടെങ്കിലേ വിദ്യാഭ്യാസം കൊണ്ടുള്ള നേട്ടം പ്രയോഗവത്കരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും പ്രതിസന്ധികളെ തന്റേടത്തോട് കൂടി നേരിടാൻ വിദ്യാഭ്യാസം മക്കളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാലത്തെ ചോദ്യങ്ങൾക്ക് പുതിയ ഉത്തരങ്ങൾ കണ്ടെത്തുവാൻ സാധിക്കണം, കാലിക വിഷയങ്ങൾക്ക് പുതിയ കാലത്തെ ഉത്തരങ്ങൾ കണ്ടെത്താൻ വിശുദ്ധ വേദഗ്രന്ഥം കൊണ്ട് സാധിക്കണം, ശാസ്ത്രീയ വിഷയങ്ങളെ താരതമ്യ പഠനത്തിന് വിധേയമാക്കിയാൽ പുതിയ കാലത്തിനാവശ്യമായ ഉത്തരങ്ങൾ കണ്ടെത്താൻ ഖുർആൻ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ മാർഗദർശനം നൽകാൻ വിശുദ്ധ ഖുർആൻ കൊണ്ട് സാധ്യമാണെന്നും മൂല്യബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ മതവിദ്യാഭ്യാസം കൊണ്ട് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതസംഘം രക്ഷാധികാരി നജീബ് കളപ്പാടൻ, ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ സിഇഒ റഷാദ് കരുമാര, എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യഹ്‌യ മുബാറക് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജരീർ വേങ്ങര വാർഷികാഘോഷ പരിപാടികൾ വിശദീകരിച്ചു.
കേരളാ ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി അബ്ദുൽ അലി മദനി, അൽഹുദാ മദ്രസ പ്രിൻസിപ്പാൾ ലിയാഖത്ത് അലിഖാൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ അബ്ദുൽ ഗഫൂർ വളപ്പൻ സ്വാഗതവും ജനറൽ കൺവീനർ ഷക്കീൽ ബാബു നന്ദിയും പറഞ്ഞു.