ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന ഈ യുവതി ഇനി ദുബൈയിലെ മിഡ് ഏഷ്യാ ബള്‍ക്ക് പെട്രോളിയം കമ്പനിയിലെ ഹെവി വെഹിക്കിള്‍ വളയങ്ങള്‍ പിടിക്കും.
അഷറഫ് ചേരാപുരം
ദുബൈ: പാലക്കാട്ടുകാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എല്ലാം വഴിമാറി. യു എ ഇയില്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടുന്ന അപൂര്‍വം വനിതകളില്‍ ഒരാളായി ബറക്കത്ത് മാറി. പാലക്കാട് പരേതനായ അബ്ദുല്‍ ഹമീദിന്റെയും ഹഫ്‌സത്തിന്റെയും മകളാണ് ബറക്കത്ത് നിഷയെന്ന 26കാരി.
കേരളത്തില്‍ ആദ്യമായി ഹെവി ലൈസന്‍സ് നേടിയ തൃശൂര്‍ സ്വദേശി ഡെലിഷ് ഡേവിഡിനു ശേഷം അത് കരസ്ഥമാക്കിയ വനിതയാണ് ബറക്കത്ത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന ഈ യുവതി ഇനി ദുബൈയിലെ മിഡ് ഏഷ്യാ ബള്‍ക്ക് പെട്രോളിയം കമ്പനിയിലെ ഹെവി വെഹിക്കിള്‍ വളയങ്ങള്‍ പിടിക്കും.
പതിനാലാം വയസില്‍ ആദ്യമായി സഹോദരന്റെ മോട്ടോര്‍ സൈക്കിളിലാണ് ഡ്രൈവിങ്ങ് തുടങ്ങുന്നത്. 18 വയസ്സായതോടെ കാറും ബൈക്കും ഓട്ടോയുമൊക്കെയോടിച്ച് ലൈസന്‍സ് നേടി. യു എ ഇയിലേക്കെത്താനും ലൈസന്‍സ് കരസ്ഥമാക്കാനും ഏറെ സഹായിച്ചത് മനീഷ് മനോഹറെന്ന മിഡ് ഏഷ്യ കമ്പനിയുടമയാണ്.
മനക്കരുത്തു മുതലാക്കി ദുബൈ അധികൃതരില്‍ നിന്നും ലൈസന്‍സ് നേടാന്‍ അധിക സമയമെടുത്തില്ല. വിവാഹവും കുടുംബജിവിതത്തിലുമെല്ലാം കല്ലുകടികളുണ്ടായെങ്കിലും അതൊന്നും കാര്യമാക്കാതെ മുന്നേറുകയായിരുന്നു ഈ യുവതി. ഹെവി ഡ്രൈവിംഗ് മോഹത്തിന് ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അതെല്ലാം പിന്തുണകളായി മാറി. മകള്‍ ആറു വയസ്സുകാരി ആയിഷ നസ്‌റിനെ ജീവിതത്തില്‍ കരപിടിപ്പിക്കാന്‍ ബറക്കത്ത് മുന്നിട്ടിറങ്ങിയിരിക്കയാണ്. ദുബൈയിലെ മിഡ് ഏഷ്യ ബള്‍ക്ക് പെട്രോളിയം കമ്പനിയിലെ രണ്ടാമത്തെ മലയാളി വനിതാ ഹെവി ഡ്രൈവറാണിപ്പോള്‍ ബറക്കത്ത്.