എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ: ഫാസിൽ മുഹമ്മദ്

Thiruvananthapuram

താൻ കണ്ടു വളർന്ന വീടും നാടും, കേട്ടുശീലിച്ച, തനിക്കു ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് തന്റെ സിനിമയായ ഫെമിനിച്ചിഫാത്തിമയെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞു.

ആധികാരികമായി ഫെമിനിസത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ അറിയില്ല. താൻ മനസിലാക്കിയ ഫെമിനിസം പുരുഷനും സ്ത്രീയും തുല്യരാണെന്നുള്ളതാണ്. അതു പഠിച്ചത് തന്റെ ഉമ്മയിൽനിന്നും സഹോദരിമാരിൽ നിന്നും കൂട്ടുകാരികളിൽ നിന്നുമാണെന്ന് ഫാസിൽ പറഞ്ഞു.

1001 നുണകൾ എന്ന സിനിമയിലെ പ്രധാന വേഷത്തിലെത്തിയ ഗാനരചയിതാവും നടിയുമായ ഷംല ഹംസയാണു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിന് അനിവാര്യമായ സന്ദേശമാണു ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്നു നടി ഷംല ഹംസ പറഞ്ഞു.

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ രണ്ടു മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ.
ഐഎഫ്എഫ്‌കെയിൽ ഇതുവരെ നടന്ന രണ്ട് സ്‌ക്രീനിങിനും ആസ്വാദകരിൽ നിന്നു മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്.