മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണം : കെ എസ് ടി യു

Kannur

തലശ്ശേരി: സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു ) തലശ്ശേരി സൗത്ത് സബ്ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഭിന്നശേഷി നിയമനത്തിന്റെ പേര് പറഞ്ഞ് അംഗീകാരം നൽകാത്ത സർക്കാറിന്റെ ക്രൂരമായ നടപടികൾ അവസാനിപ്പിക്കണമെന്നും സർവീസിലുള്ള അധ്യാപകർക്ക് നിഷേധിക്കപ്പെട്ട ഡി എ കുടിശ്ശിഖ ഉടൻ കൊടുത്തു തീർക്കണമെന്നും ശമ്പള കമ്മീഷനെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സബ്ജില്ലാ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ അധ്യക്ഷതവഹിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കെ എസ് ടി യു ജില്ലാ ട്രഷറർ അബ്ദുൽ അലി, മുഹമ്മദ് സക്കരിയ്യാ, ടി സുഹറാ എന്നിവർക്ക് യാത്രയപ്പ് നൽകി. സംസ്ഥാന മാസ്റ്റേർസ് കായികമേളയിൽ സ്വർണ്ണ മെഡൽ ജേതാവായ കെ പി മുസമ്മലിനെ ചടങ്ങിൽ ആദരിച്ചു.

സബ്ജില്ലാ സെക്രട്ടറി എം പി സിറാജ്, പി ഇസ്മായിൽ, വി കെ ബഷീർ, ഓ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അബ്ദുൽ അലി, മുഹമ്മദ് സക്കറിയ, ടി സുഹറ എന്നിവർ മറുപടി പ്രസംഗം നടത്തി. പുതിയ ഭാരവാഹികളായി റമീസ് പാറാൽ (പ്രസിഡണ്ട്), കെ എം റിയാസ്, എ യു ഷമീല ( വൈസ് പ്രസിഡണ്ട്), എം പി സിറാജ് (ജനറൽ സെക്രട്ടറി) സി പി മൂസ, സുമയ്യ പാലക്കൽ ( ജോ. സെക്രട്ടറി), ടി വി റാഷിദ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.