പ്രേക്ഷകരുടെ ആവേശമുണര്‍ത്തി ദുല്‍ഖറിന്‍റെ കിംഗ് ഓഫ് കൊത്തയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍

Cinema

കൊച്ചി: സിനിമാ അഭിനയരംഗത്ത് പതിനൊന്നു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സെക്കന്റ് ഷോ റിലീസ് ചെയ്തു പതിനൊന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സെക്കന്റ് ലുക്കില്‍ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൈ ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്‌നാട്ടില്‍ കാരൈക്കുടിയില്‍ പുരോഗമിക്കുകയാണ്. അഭിലാഷ് ജോഷി ആണ് ചിത്രത്തിന്റെ സംവിധാനം. വാണിജ്യപരമായും നിരൂപകമായും വിജയിച്ച ഇന്ത്യന്‍ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലെ നായകനായ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

വളരെക്കാലമായി ഞാന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുല്‍ഖര്‍ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികള്‍ നിറഞ്ഞ ഒരു സിനിമയാണെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍ സമാനതകളില്ലാത്ത വിസ്മയം തീര്‍ക്കുമെന്നുറപ്പാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍,വിഷ്ണു സുഗതന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *