എയിഡഡ് സ്കൂൾ അനധ്യാപക ജീവനക്കാരോട് കടുത്ത അവഗണന: എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ

Thiruvananthapuram

തിരുവനന്തപുരം :-സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അനദ്ധ്യാപക ജീവനക്കാർ സർക്കാരിൽ നിന്ന് കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്‌ രാജേഷ് കുമാർ.എ, ജനറൽ സെക്രട്ടറി പ്രശോബ് കൃഷ്ണൻ ജിപി, വൈസ് പ്രസിഡന്റ് ഷിബു വിആർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം നടത്തുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാർക്ക്, എഫ്ടിഎം തസ്തിക സൃഷ്ടിക്കുന്നതിനു സർക്കാർ തയ്യാറാകണം. എയ്ഡഡ് സ്കൂളുകളിൽ ഹയർ സെക്കൻ്ററി ഡിപ്പാർട്ട്മെൻ്റിൽ ക്ലറിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നില്ല. പകരം ഹൈസ്കൂൾ വിഭാഗം ക്ലാർക്കുമാരാണ് ദൈനംദിന ഓഫീസ് കാര്യങ്ങളും പരീക്ഷ നടത്തിപ്പിനും വേണ്ടി നിയോഗിക്കപ്പെടുന്നത്. എയ്ഡഡ് മേഖലയിലെ ഇത്തരം ദുരവസ്ഥ ജോലിഭാരം ഇരട്ടിയാക്കുന്നു.
പ്രതിഫലം നൽകുന്നുമില്ല.

ഒരു തരം വിവേചനമാണ് ഓഫീസ് നടത്തിപ്പിൽ തുടരുന്നത്. ഹൈസ്കൂൾ കാര്യങ്ങൾക്കൊപ്പം നിന്നു തിരിയാൻ സമയ കുറവുള്ളപ്പോൾ ഹയർ സെക്കൻ്ററി വിഭാഗത്തിൻ്റെ അധിക ചുമതലയും തലയിലേറ്റേണ്ടി വരുന്ന ദുഃസ്സഹവും വിചിത്രവുമായ സർവ്വീസ് കാലഘട്ടത്തിലൂടെയാണ് എയ്ഡഡ് മിനിസ്റ്റീരിയൽ സ്റ്റാഫുകൾ മുന്നോട്ട് പോകുന്നത്.

ലൈബ്രറി സയൻസ് യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോൾ അവരെ നിയമിക്കാതെ ജോലിഭാരമുള്ള അദ്ധ്യാപകരെ ലൈബ്രറി ചുമതലകൂടി നൽകുന്നത് തികച്ചും അനീതിയാണെന്നും ഭാരവാഹികൾ പറയുന്നു.

ഹയർ സെക്കൻഡറി പരീക്ഷയുടെ സുഗമമായനടത്തിപ്പിന് വേണ്ടി സംഘടനകളുടെയും, ബന്ധപ്പെട്ടവരുടെയും സർക്കാർ തല യോഗം വിളിച്ച് പരിഹാരം കാണുന്നതിന് വിദ്യാഭ്യാസ വകുപ്പും മന്ത്രിയും മുൻകൈ എടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.