മുണ്ടക്കൈ ദുരന്തം തന്ന പാഠം; അഡ്വാന്‍സ്ഡ്എയര്‍വേ വര്‍ക്ക് ഷോപ്പോടുകൂടി ‘എമര്‍ജന്‍സ്3.0’ തുടങ്ങി

Health

കല്‍പ്പറ്റ: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് എമര്‍ജന്‍സ് 3.0 വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ തുടങ്ങി. ശ്വാസ തടസത്തിനുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്ക് ഷോപ്പാണ് ഇന്നലെ നടന്നത്. ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സിമെഡിസിന്‍ ഡയറക്ടറായ ഡോ.പി.പി വേണുഗോപാല്‍ വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കി. പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് സമയബന്ധിതമായി നല്‍കേണ്ട ചിക്തിസയാണിത്.

വയനാട് മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയവരില്‍ ഏറെ പേരും തൊണ്ടയിലും മൂക്കിലും മണ്ണും ചെളിയും നിറഞ്ഞ്് ശ്വാസ തടസ്സം നേരിട്ട അവസ്ഥയിലായിരുന്നു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട 400 പേരില്‍ 80 ശതമാനം പേര്‍ക്കും കടുത്ത ശ്വാസ തടസം നേരിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്് അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്ക് ഷോപ്പോടു കൂടി കോണ്‍ക്ലേവിന് തുടക്കം കുറിച്ചത്.

വയനാട്ടിനൊപ്പം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും കോണ്‍ക്ലേവിന്റെ ഭാഗമായുള്ള വര്‍ക്ക്‌ഷോപ്പുകള്‍ നടന്നു. Pocus ( പോയന്റ് ഓഫ് കെയര്‍ അള്‍ട്രാസൗണ്ട്)എന്ന വിഷയത്തിലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രീ കോണ്‍ഫ്രന്‍സ് വര്‍ക്ക്‌ഷോപ്പ് നടന്നത്. എമര്‍ജന്‍സി കെയര്‍ വിഭാഗത്തിലും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലും ഡോക്ടര്‍മാര്‍ തന്നെ രോഗിയെ സ്‌കാന്‍ ചെയ്ത് സമയ ബന്ധിതമായി ചികിത്സ ഉറപ്പാക്കുന്ന രീതിയാണ് പോക്കസ് വര്‍ക്ക്‌ഷോപ്പ് മുന്നോട്ടു വയ്ക്കുന്നത്. രോഗിയെ സ്‌കാന്‍ സെക്ഷനിലേക്ക് പറഞ്ഞു വിടുന്ന സമയം കൂടി ജീവന്‍ രക്ഷക്കായി ഉപയോഗിക്കുന്നതിനായി ഡോക്ടര്‍മാര്‍ക്കു കൂടി അള്‍ട്രാ സൗണ്ട് സ്‌കാനിംഗില്‍ പരിശീലനം വര്‍്ക് ഷോപ്പിലൂടെ നല്‍കി. അമേരിക്കയിലെ ജോര്‍ജ്ജ് വാഷിഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഡോ. കെയ്ത്ത് ബോണിഫെയ്‌സ് നേതൃത്വം നല്കി.

എം.ആര്‍.സി.ഇ.എം (മെമ്പര്‍ ഓഫ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സ് മെഡിസിന്‍ ) ട്രെയിനിംഗിനെക്കുറിച്ചുള്ള വര്‍ക് ഷോപ്പാണ് കോഴിക്കോട് മിംസില്‍ നടന്നത്. യുകെയിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റായ ഡോ. വെങ്കട്ട് കൊട്ടംരാജു നേതൃത്വം നല്‍കി.