വന്യമൃഗ ശല്യം, സ്വൈര്യ ജീവിതം സാധ്യമാക്കണം : സൗത്ത് വയനാട് ഡി എഫ് ഒ യെ ഉപരോധിച്ച് കോൺഗ്രസ്‌

Wayanad

കൽപ്പറ്റ: പെരുന്തട്ട,തുറക്കോട്ട് കുന്ന് പ്രദേശങ്ങളിലെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും,ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തതിലും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിലും പ്രതിഷേധിച്ച് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമനെ ഉപരോധിച്ചു.

ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻപു നടത്തിയ റോഡ് ഉപരോധ സമരത്തെ തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാമെന്നും വന്യമൃഗങ്ങളെ പിടികൂടാൻ കൂടുതൽ കൂടുകൾ വയ്ക്കാമെന്നും ഉറപ്പു നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കാത്തതിനെ തുടർന്നാണ് സൗത്ത് ഡി എഫ് ഒ ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്. തുടർന്ന് സൗത്ത് ഡിഎഫ്ഒ അജിത്ത് കെ രാമനുമായുള്ള ചർച്ചയിൽ അടിയന്തിരമായി എട്ട് സോളാർസ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും, അഡീഷണലായി ഒരു കൂടു കൂടി സ്ഥാപിക്കാനും, ജനകീയ തിരച്ചിൽ നടത്തി മയക്കുവെടി വെക്കുന്നതുൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഉറപ്പു നൽകിയതോടെ ഉപരോധസമരം അവസാനിപ്പിച്ചു.

കെപിസിസി മെമ്പർ പി പി ആലി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. ടി ജെ ഐസക്, പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ,ഹർഷൽ കോന്നാടൻ, കെ അജിത, ആയിഷ പള്ളിയാല്‍, പി രാജാറാണി, എസ് മണി,പി കെ മുരളി, സുബൈർ ഓണിവയൽ, മുഹമ്മദ് ഫെബിൻ, ലത്തീഫ് മാടായി, സതീഷ് കുമാർ, വിനോദ് തുടങ്ങിയവർ സംസാരിച്ചു