തൊഴിലുറപ്പ് പദ്ധതിയിലെ കെടുകാര്യസ്ഥത: യു ഡി എഫ് വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

Wayanad

പിണങ്ങോട്: കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വെങ്ങപ്പള്ളി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 2020-21 മുതലുള്ള മൂന്ന് വര്‍ഷങ്ങളായി പഞ്ചായത്തില്‍ മെറ്റീരിയല്‍ കോസ്റ്റ് ഇനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുപോയത്. 2020-21ല്‍ 1,38,66000 രൂപയും 2021-22 വര്‍ഷത്തില്‍ 1,33,90400 രൂപയും 2022-23 വര്‍ഷത്തില്‍ 1,78,36400 രൂപയും ഇത്തരത്തില്‍ സമയബന്ധിതമായി ടെണ്ടര്‍ നടപടികളോ പദ്ധതി നിര്‍വ്വഹണമോ പൂര്‍ത്തിയാക്കാത്തതിനാല്‍ പഞ്ചായത്തിന് നഷ്ടമായി. ഇത് ഏകദേശം നാല് കോടി രൂപക്ക് മുകളില്‍ വരും.

ഭരണ സമിതിയുടെ തെറ്റായ നയങ്ങള്‍ കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് എഞ്ചിനീയര്‍മാര്‍ മാറിമാറി വന്നു. ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മില്‍ യോജിച്ച പ്രവര്‍ത്തനം ഇല്ലാത്തതിനാല്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.

വയനാട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗം തയ്യാറാക്കിയ പഞ്ചായത്തുകളുടെ തൊഴിലുറപ്പ് പെര്‍ഫോമന്‍സ് ലിസ്റ്റില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് റെഡ് കാറ്റഗറിയിലാണ്. ഇത് കാരണം ഭാവിയില്‍ ഫണ്ട് ലഭ്യത പോലും അവതാളത്തിലാകുന്ന സ്ഥിതി വിശേഷമുണ്ടാവും. തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ യോഗ്യതക്കപ്പുറം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രമായി നിയമനങ്ങള്‍ മാറുന്നു.

അനര്‍ഹരായവര്‍ക്ക് കിണര്‍, തൊഴുത്ത് എന്നിവ നല്‍കിയതാണ് ആദ്യത്തെ എഞ്ചിനീയറുടെയും പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാവായ ഓവര്‍സിയറുടെയും കസേര തെറിക്കാന്‍ കാരണം. ഓംബുഡ്‌സ്മാന്‍ മുതല്‍ സംസ്ഥാനത്തെയും ജില്ലയിലെയും തൊഴിലുറപ്പ് പദ്ധതിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങുന്നത് പതിവ് കാഴ്ചയായി മാറുന്നു.

ഗ്രാമീണമായ ഒരു നാടിന്റെ സമഗ്ര പുരോഗതിക്ക് കാരണമാകേണ്ട തൊഴിലുറപ്പ് പദ്ധതി കാര്യമായൊന്നും നടക്കാതെ ഇഴഞ്ഞ് നീങ്ങുകയാണ്. മേല്‍കാര്യങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് എം.എന്‍.ആര്‍.ഇ.ജി. ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

കെ.പി.സി.സി. മെമ്പര്‍ പി.പി. ആലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ ടി ഹംസ മുഖ്യ പ്രഭാഷണം നടത്തി. വെങ്ങപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ ഉസ്മാന്‍ പഞ്ചാര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രാജന്‍ മാസ്റ്റര്‍, ജാസര്‍ പാലക്കല്‍, അന്‍വര്‍ കെ.പി. നജീബ് എം, തന്നാനി അബൂബക്കര്‍, ജോണി ജോണ്‍, നാസര്‍ പച്ചൂരാന്‍, മോഹനന്‍, സലിം ചാലില്‍ എന്നിവര്‍ പങ്കെടുത്തു.