ജനത്തെ കൊള്ളയടിക്കുന്ന ബജറ്റ് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബക്കറ്റു പിരിവായി മാറി: ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്‍റ് അനു ചാക്കോ

Eranakulam

കൊച്ചി: പൊതുജനത്തെ കൊള്ളയടിക്കുന്ന ഇത്തരമൊരുബജറ്റ് അവതരിപ്പിക്കുന്നതിനേക്കാള്‍ ഭേദം സംസ്ഥാന ധനമന്ത്രി ബക്കറ്റു പിരിവുനടത്തുന്നതായിരുന്നുവെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് അനു ചാക്കോ ആരോപിച്ചു. പ്രതിസന്ധികള്‍ക്കും വറുതിതികള്‍ക്കും നടുവില്‍ നട്ടംതിരിയുന്ന സാധാരണക്കാരെ പിടിച്ചുപറിക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ അവതരിപ്പിച്ചതെന്നും അനു ചാക്കോ പറഞ്ഞു.

സമീപകാല ചരിത്രത്തിലൊന്നും ഇത്രയധികം ജീവിത ഭാരം ഒരു സര്‍ക്കാറും പൊതുജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. ബജറ്റിനു തൊട്ടു മുമ്പാണ് വെള്ളക്കരവും വൈദ്യുതി ചാര്‍ജും ബസ് ചാര്‍ജ്ജും ഒരുമിച്ച് വര്‍ദ്ധിപ്പിച്ചത്. അതുകൊണ്ട് അക്കാര്യം ബജറ്റില്‍ വായിക്കേണ്ടി വന്നില്ലന്ന് അനു ചാക്കോ കളിയാക്കി. ഇതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നിലപാടാണ്. ഒരു ഇടതു സര്‍ക്കാര്‍ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാന്‍ പാടില്ല.

സകലതിനും ചാര്‍ജു വര്‍ദ്ധിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബജറ്റു വഴി ജനങ്ങളുടെമേല്‍ അധിക ബാധ്യത കൂടി അടിച്ചേല്‍പ്പിച്ചതെന്ന് അനു ചാക്കോ ചുണ്ടിക്കാട്ടി. തുടര്‍ഭരണം കിട്ടിയതിനുശേഷം പിണറായി സര്‍ക്കാര്‍ സാധാരണ ജനങ്ങളെ മറന്ന മട്ടാണ്. ആവശ്യസാധനങ്ങളുടേയും നിര്‍മ്മാണ സാമഗ്രികളുടേയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു ജനത്തെ കൂടുതല്‍ ദുരിതത്തില്‍ ആക്കുന്ന ബജറ്റ് തികച്ചും ജനവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരളത്തിലുടനീളം അതിശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അനു ചാക്കോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *