വയലൻസ് വേണ്ടെന്ന് സ്വരാജും ശബരീനാഥനും

Thiruvananthapuram

തിരുവനന്തപുരം: രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും അഭിരുചികൾ സമാനമാണെന്ന് യുവരാഷ്ട്രീയ നേതാക്കളായ എം സ്വരാജും കെ എസ് ശബരീനാഥും. വായിച്ച പുസ്തകങ്ങളിലും വായനയെ കുറിച്ചുള്ള കാഴ്ചപ്പാടിലും കലാവിഷ്കാരങ്ങളോടുള്ള സമീപനത്തിലും ഇരുവരും ഒരേ അഭിപ്രായക്കാർ. വായനയാണ് തങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ ഉറപ്പിച്ചതെന്ന് പറയുമ്പോഴും പുതിയ പുസ്തകങ്ങളിലെ ഉള്ളടക്കത്തെപ്പറ്റി ഇരുവരും ഒരേ ആശങ്ക പങ്കുവെച്ചു. കെ എൽ ഐ ബി എഫ് ഡയലോഗ് സെഷനിൽ വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു ഇരുവരും.

പുസ്തകങ്ങളിലും കലകളിലും അരാഷ്ട്രീയതയും അക്രമവും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെ പറ്റി ഇരുവരും ആശങ്ക പങ്കുവെച്ചു. അടുത്തിടെ ഇറങ്ങിയ മിക്ക തെന്നിന്ത്യൻ സിനിമകളും അക്രമത്തെ പ്രകീർത്തിക്കുന്നതാണെന്നും അതിനു വൻ സ്വീകാര്യത കിട്ടുന്നുവെന്നും എം സ്വരാജ് പറഞ്ഞു. എന്നാൽ രാഷ്ട്രീയകൊലപാതകങ്ങൾ വർധിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. ചരിത്രം പരിശോധിച്ചാൽ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞതായി കാണാനാകും.

അജണ്ടകളുടെ ഭാഗമായ പുസ്തകങ്ങൾക്കും സ്വീകാര്യത കിട്ടുന്നു. രാഷ്ട്രപിതാവിനെ കൊന്നതാര് എന്ന് പറയാൻ മടിക്കുന്ന എഡിറ്റോറിയലുകൾ മലയാളം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വരുന്നു. വളച്ചൊടിക്കപ്പെടുന്ന ചരിത്രം സ്വീകരിക്കപ്പെടുന്നത് ആശങ്കാജനകമാണ്. കലാസ്വാദനത്തിലും വായനയിലും നിക്ഷിപ്ത താല്പര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. പുതിയ ലോകങ്ങളിലേക്ക് തുറന്നുവെച്ച വാതിലുകളാണ് പുസ്തകങ്ങൾ. ഓരോ പുസ്തകം വായിച്ചു കഴിയുമ്പോഴും ഓരോ പുതിയ മനുഷ്യനുണ്ടാകുന്നു. ഒരേ പുസ്തകം രണ്ടുപേർ വായിക്കുമ്പോൾ രണ്ടു പുസ്‌തകമുണ്ടാകുന്നു. പരന്ന വായനയാണോ ഒരേ വിഷയത്തിലുള്ള ആഴത്തിലുള്ള വായനയാണോ മികച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും സ്വരാജ് പറഞ്ഞു.

സിനിമകളിലും പുസ്തകങ്ങളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. സമൂഹത്തിൽ അക്രമങ്ങൾ കൂടുന്നതായി പത്രങ്ങളുടെ പ്രാദേശിക പേജ് പരിശോധിച്ചാൽ മനസിലാകും. പപ്പടത്തിന്റെ പേരിൽ വരെ സംഘർഷം നടക്കുന്നുവെന്നത് ചിരിച്ചുതള്ളാനാകില്ല. മനുഷ്യന്റെ മൃഗവാസനകളെ ഇത്തരം സിനിമകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുറമേക്ക് അക്രമകാരിയായാലും ഇല്ലെങ്കിലും അക്രമങ്ങളെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അവ നമ്മെ പരുവപ്പെടുത്തുന്നുണ്ട്. പ്രതിവർഷം എണ്ണമറ്റ പുസ്തകങ്ങൾ ഇറങ്ങുന്ന നാടാണ് കേരളം. പുതിയ എഴുത്തുകാർ ധാരാളമായി ഉണ്ടാകുന്നു. എല്ലാ വാർഡുകളിലും പുസ്തകോത്സവം നടക്കുന്ന തരത്തിൽ കേരളം വളർന്നു. അത് കാലത്തിന്റെ അനിവാര്യതയാണെന്നും ശബരീനാഥൻ പറഞ്ഞു.