ആസ്റ്റർ എമർജൻസി മെഡിസിൻ കോൺക്ലേവ് ‘എമർജൻസി 3.0’ സമാപിച്ചു

Wayanad

കൽപ്പറ്റ: ദുരന്തങ്ങളിൽപ്പെടുന്നവർക്ക് പുനർജനിയുടെ തിരിനാളങ്ങളാവാൻ കൂടുതൽ ശക്തരാകാമെന്ന പ്രതിജ്ഞയോടെ ആസ്റ്റർ ഇൻ്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന് പരിസമാപ്തി. വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലാണ് ജനുവരി 7 മുതൽ 12 വരെയുള്ള ആറ് ദിവസങ്ങളിലായി കോൺക്ലേവ് നടന്നത്. കോൺക്ലേവിൻ്റെ നാലാമത് എഡിഷൻ 2026ൽ ഹൈദരബാദിൽ നടക്കും.

സമാപന ചടങ്ങിൽ ഡോ. ദേവേന്ദ്ര റിചാര്യ മുഖ്യാതിഥിയായിരുന്നു. ഡോ. വേണുഗോപാൽ പി.പി, ഡോ. കെയ്ത്ത് ബോണി ഫെയ്‌സ്, ഡോ. വി.ജിനേഷ്, ഡോ ജോൺസൺ കെ. വർഗീസ്, ഡോ. പോൾ പീറ്റർ, ഡോ. സജിത്ത് നാരായണൻ, ഡോ. രാജ് കുമാർ എന്നിവർ പങ്കെടുത്തു.

മൂന്നു ദിവസം പ്രീ വർക്ക് ഷോപ്പും മൂന്നു ദിവസം എമർജൻസി മെഡിസിനുമായി ബന്ധപ്പെട്ട കോൺഫ്രൻസുകളുമാണ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുമായി വിദഗ്ധരായ ഫാക്കൽറ്റികളും പ്രതിനിധികളുമായി 1200ൽ പരം പേർ പങ്കെടുത്തു. എമർജൻസി മെഡിസിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി ഡോക്ടർമാർ, നഴ്‌സുമാർ, ഇതര പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരെ ഈ രംഗത്ത് നൈപുണ്യമുള്ളവരാക്കാൻ കോൺക്ലേവിന് സാധിച്ചുവെന്ന് ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനും ആസ്‌റ്റർ ഡിഎം ഹെൽത് കെയർ എമർജൻസി മെഡിസിൻ ഡയറക്ടറുമായ ഡോ. വേണുഗോപാൽ പി.പി പറഞ്ഞു.

എമർജൻസി മെഡിസിൻ രംഗത്തെ പുതിയ മുന്നേറ്റങ്ങൾ, ട്രോമ മാനേജ്‌മെന്റിലെ പ്രവണതകൾ, കുട്ടികളുടേയും നവജാത ശിശുക്കളുടേയും ജീവൻ സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി വിവിധ വിഷയങ്ങൾ കോൺക്ലേവിൽ അവതരിപ്പിച്ചു. കാപ്നോഗ്രാഫിയും അഡ്വാൻസ്‌ഡ് എയർവേയും പോലുള്ള നൂതന ചികിത്സാ രീതികളിൽ ആഴത്തിലേക്കിറങ്ങിയുള്ള ചർച്ചകളും നടന്നു.

എയർവേ മാനേജ്മെൻ്റ്, അഡ്വാൻസ്ഡ് വെന്റിലേഷൻ, പ്രീ ഹോസ്‌പിറ്റൽ ട്രോമാ മാനേജ്‌മെന്റ്, ഡിസാസ്റ്റർ മെഡിസിൻ, എംആർസിഇഎം പാർട്ട് ബി, ഇസിജി, കമ്യൂണിക്കേഷൻ ആൻഡ് ക്വാളിറ്റി, വൈൽഡർനസ് മെഡിസിൻ, അൾട്ര സൗണ്ട്, ക്ലിനിക്കൽ ടോക്സ‌ിക്കോളജി, സെയ്ഫ് പ്രൊസീജറൽ സെഡേഷൻ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള വർക് ഷോപ്പുകളും നഴ്സുമാർക്കും മെഡിക്കൽ സ്റ്റുഡന്റ്സിനുമായുള്ള വർക്ക് ഷോപ്പുകളും കോൺക്ലേവിൻ്റെ ഭാഗമായിരുന്നു.

എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന നിർമ്മിത മനുഷ്യ ശരീരത്തിൽ ചികിത്സ നൽകുന്ന നൂതന മത്സര രീതിയും കോൺക്ലേവിൽ അരങ്ങേറി. രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പത്തനംതിട്ട ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ജേതാക്കളായി. ഒരു ലക്ഷം രൂപ വിജയികൾക്ക് സമ്മാനിച്ചു. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിക്കാണ് രണ്ടാം സ്ഥാനം.